ഹാങ്‌ചോ: ഏഷ്യൻ ഗെയിംസില്‍ (Asia Games 2023) അശ്വാഭ്യാസത്തില്‍ (ഇക്വിസ്ട്രിയൻ) ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം. അശ്വാഭ്യാസത്തിലെ ടീം ഇവന്‍റായ ഡ്രസ്സേജിലാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയത് (India wins Gold in equestrian Team Dressage event). അനുഷ് അഗർവാല (Anush Gaarwalla), ഹൃദയ് വിപുല്‍ ഛേദ (Hriday Vipul Chheda), ദിവ്യകൃതി സിങ് (Divyakriti Singh ), സുദീപ്‌തി ഹജേല (Sudipti Hajela) എന്നിവരാണ് ടീമംഗങ്ങൾ. ഇതോടെ അശ്വാഭ്യാസത്തില്‍ വീണ്ടുമൊരു സ്വര്‍ണത്തിനായുള്ള രാജ്യത്തിന്‍റെ 41 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചത്.
1982-ലായിരുന്നു ഇതിന് മുന്നെ ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസത്തിൽ ഇന്ത്യയുടെ സ്വര്‍ണ നേട്ടം. അന്ന് ന്യൂഡൽഹിയിൽ അരങ്ങേറിയ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഇനത്തിലും ടീം ഇവന്‍റിലുമായി മൂന്ന് സ്വര്‍ണങ്ങള്‍ നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസ് ഇക്വിസ്ട്രിയന്‍ ചരിത്രത്തില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ നേട്ടം നാലായി. മത്സരത്തില്‍ 209.205 പോയിന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.
ആതിഥേയരായ ചൈന രണ്ടും ഹോങ്കോങ് മൂന്നും സ്ഥാനങ്ങള്‍ നേടി. 24.882 പോയിന്‍റുമായാണ് ചൈന വെള്ളി സ്വന്തമാക്കിയത്. വെങ്കലം നേടിയ ഹോങ്കോങ്ങിന് 204.852 പോയിന്‍റാണുള്ളത്. അതേസമയം ഹാങ്‌ചോയില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്.
പുരുഷ വിഭാഗം 10 മീറ്റർ എയർറൈഫിൾസിന്‍റെ ടീം ഇനത്തിലായിരുന്നു ഏഷ്യന്‍ ഗെയിംസ് 2023 പതിപ്പില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. സ്വർണം നേടിയത് ദിവ്യാൻഷ് (Divyansh Singh Panwar), ഐശ്വരി പ്രതാപ് സിങ് തോമര്‍ (Aishwary Pratap Singh Tomar), രുദ്രാൻക്ഷ് ബാലാസാഹേബ് പാട്ടീൽ (Rudrankksh Balasaheb Patil) എന്നിവരടങ്ങിയ ടീമായിരുന്നു എതിരാളികളെ പിന്നിലാക്കിയത്.
1893.7 പോയിന്‍റായിരുന്നു ഇന്ത്യന്‍ ടീം നേടിയിരുന്നത്. ഈ ഇനത്തിലെ ലോക റെക്കോഡാണിത്. ഈ വര്‍ഷം ആദ്യം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരങ്ങള്‍ സ്ഥാപിച്ച 1893.3 പോയിന്‍റിന്‍റെ ലോക റെക്കോഡാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തത്. പിന്നാലെ വനിത ക്രിക്കറ്റിലായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
ഫൈനലില്‍ ശ്രീലങ്കയെ ആയിരുന്നു ഇന്ത്യന്‍ വനിതകള്‍ കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 116 റണ്‍സായിരുന്നു നേടിയിരുന്നത്. സ്‌മൃതി മന്ദാന (45 പന്തുകളില്‍ 46), ജമീമ റോഡ്രിഗസ് (40 പന്തുകളില്‍ 42) എന്നിവരാണ് തിളങ്ങിയത്.
മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 97 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 22 പന്തില്‍ 25 റണ്‍സ് നേടിയ ഹാസിനി പെരേരയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. നിലാക്ഷി ഡി സിൽവയെ (34 പന്തില്‍ 23), ഒഷാദി രണസിംഗ (26 പന്തില്‍ 19 ), ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (12 പന്തില്‍ 12) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി ടിറ്റാസ് സധു (Titas Sadhu) നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.