ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ആറ് ഗോള്‍ ത്രില്ലറില്‍ മലേഷ്യയാണ് ഇന്ത്യയെ സമനിലയില്‍ കുരുക്കിയത്. മൂന്ന് ഗോളുകള്‍ നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
മലേഷ്യയ്‌ക്കായി റാസി റഹിം ഹാട്രിക് നേടിയപ്പോള്‍ വിഷ്ണുകാന്ത് സിങ്, എസ്‌വി സുനില്‍, സഞ്ജീത് എന്നിവര്‍ ഇന്ത്യയ്‌ക്കായി ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ നേടി റഹിം ഇന്ത്യയെ ഞെട്ടിച്ചു. 12, 21 മിനിട്ടുകളിലാണ് താരത്തിന്‍റെ ഗോള്‍ നേട്ടം.
32ാം മിനിട്ടില്‍ വിഷ്ണുകാന്തിലൂടെയും 53ാം മിനിട്ടില്‍ എസ്‌വി സുനിലിലൂടെയും ഒപ്പം പിടിച്ച ഇന്ത്യ 55ാം മിനിട്ടില്‍ സഞ്ജീതിലൂടെ ലീഡെടുത്തു. എന്നാല്‍ തൊട്ടടുത്ത മിനിട്ടില്‍ തന്നെ റഹിം മലേഷ്യയ്‌ക്കായി സമനിലഗോളും ഹാട്രിക്കും തികച്ചു.
ആദ്യ മത്സരത്തില്‍ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അതേസമയം തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജപ്പാനെ 3-1ന് തോല്‍പ്പിച്ച ദക്ഷിണ കൊറിയ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി.
ആദ്യ മത്സരത്തില്‍ മലേഷ്യക്കെതിരെ 2-2ന് സമനിലയില്‍ ദക്ഷിണ കൊറിയ ഗോള്‍ ശരാശരിയിലാണ് ഇന്ത്യയെ രണ്ടാമതാക്കിയത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് ഏറ്റവും കൂടൂതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക.