ജക്കാര്‍ത്ത : ഏഷ്യ കപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. കരുത്തരായ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കീഴടക്കിയത്. ഇന്ത്യയ്‌ക്കായി മന്‍ജീതും പവന്‍ രാജ്ഭറുമാണ് ലക്ഷ്യം കണ്ടത്. തകുമ നിവയാണ് ജപ്പാന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ 5-2ന്‍റെ വമ്പന്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാനായിരുന്നു ഇന്ത്യ സൂപ്പര്‍ ഫോറില്‍ ജപ്പാനെതിരെ ഇറങ്ങിയത്. മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ തന്നെ മന്‍ജീത് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 18ാം മിനിറ്റില്‍ തകുമയിലൂടെ ജപ്പാന്‍ ഒപ്പമെത്തി. തുടര്‍ന്ന് 35ാം മിനിറ്റില്‍ പവന്‍ രാജ്ഭറിലൂടെയാണ് ഇന്ത്യ വിജയഗോള്‍ നേടിയത്.
സൂപ്പര്‍ ഫോറിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ നാളെ (ഞായര്‍) മലേഷ്യയെ നേരിടും. ഇന്ത്യ, ജപ്പാന്‍ എന്നിവര്‍ക്ക് പുറമെ മലേഷ്യ, ദക്ഷിണകൊറിയ എന്നീ ടീമുകളാണ് സൂപ്പര്‍ ഫോറിലുള്ളത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് നാല് ടീമുകളും മത്സരിക്കുക.
തുടര്‍ന്ന് ഏറ്റവും കൂടൂതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനല്‍ മത്സരം കളിക്കുക. നിലവില്‍ എല്ലാ ടീമുകളും ഓരോ മത്സരം വീതം കളിച്ചപ്പോള്‍ ഇന്ത്യയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ മലേഷ്യയും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു.
രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ഇന്ത്യയോട് തോറ്റ ജപ്പാന്‍ അവസാനസ്ഥാനത്താണ്.