ജക്കാർത്ത : ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്തോനേഷ്യക്കെതിരെ ഗോള്‍മഴ തീർത്ത് ഇന്ത്യ. എതിരില്ലാത്ത 16 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷമാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് സമനിലയിൽ പിരിഞ്ഞ ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനോട് 2-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.
15 ഗോള്‍ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രം ഇന്ത്യ സൂപ്പര്‍ 4ലേക്ക് കടക്കുമെന്ന സാഹചര്യത്തിൽ 16 ഗോളുകള്‍ നേടിയാണ് വിജയം നേടിയത്. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ 3-2 ന് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും നാല് പോയിന്‍റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.
ഏഷ്യാകപ്പ് ടൂർണമെന്‍റിൽ നിന്ന് പുറത്തായതിനുപുറമെ ഈ വർഷം അവസാനം നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള പാകിസ്ഥാന്‍റെ പ്രതീക്ഷകളും ഇതോടെ അസ്‌തമിച്ചു. സൂപ്പർ ഫോറിലെ ആദ്യ മൂന്ന് ടീമുകൾക്കാണ് ലോകകപ്പിന് അവസരം ലഭിക്കുക. ആതിഥേയരായ ഇന്ത്യ, ലോകകപ്പിൽ സ്ഥാനമുറപ്പിച്ചിരുന്നതിനാൽ ഏഷ്യാകപ്പിന് യുവതാരങ്ങളെയാണ് പരീക്ഷിച്ചത്.