മൈക്കൽ അർട്ടേറ്റ എന്ന സ്പാനിഷ് പരിശീലകന് കീഴിൽ ഈ സീസണിലുടനീളം മികച്ച പ്രകടനമാണ് ആഴ്‌സണൽ പുറത്തെടുക്കുന്നത്. 2019 ൽ ടീമിനൊപ്പം ചേർന്ന അർട്ടേറ്റയുടെ നാല് വർഷത്തെ പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് നാം കാണുന്ന ആഴ്‌സണൽ ടീം. പ്രതിഭാസമ്പന്നരായ ഒരുപിടി യുവതാരങ്ങളാണ് ആഴ്‌സണലിനെ യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നാക്കി നിർത്തുന്നത്.
എന്നാൽ ടീമിന്‍റെ ചില ദൗർബല്യങ്ങൾ വെളിപ്പെടുത്തുന്നതാണ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ലിവർപൂളിനെതിരായ സമനില. മികച്ച സ്ക്വാഡുണ്ടെങ്കിലും ശക്തമായ പോരാട്ടങ്ങൾക്ക് വേദിയാകുന്ന പ്രീമിയർ ലീഗിൽ കിരീടമുയർത്താൻ പ്രപ്‌തരായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ലീഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ നിർണായകമായ മത്സരങ്ങളിൽ സമ്മർദങ്ങൾക്ക് അടിമപ്പെടാതെ മത്സരങ്ങൾ കളിക്കാനാകണം.
എന്നാൽ ലിവർപൂളിനെതിരെ രണ്ട് ഗോളുകൾക്ക് ലീഡെടുത്ത ശേഷമാണ് സമനില വഴങ്ങിയത്. ഗോൾകീപ്പർ ആരോൺ റാംസിഡെലിന്‍റെ പ്രകടനം ആഴ്‌സണലിനെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി എന്നതാണ് യാഥാർത്ഥ്യം. ഇതോട ലീഗിൽ ആഴ്‌സണലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ചൂടാൻ സാധ്യത ഉയർന്നു.
കിരീടപ്പോരിൽ ആഴ്‌സണലിന്‍റെ തകർച്ച ആരംഭിച്ചുവെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ആഴ്‌സണലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിലേക്ക് എത്താനുള്ള കാരണങ്ങൾ ഇവയാണ്.
പരിചയസമ്പന്നരുടെ അഭാവം; പ്രീമിയർ ലീഗ് പോലെയൊരു ചാമ്പ്യൻഷിപ്പിൽ പരിചയസമ്പത്ത് എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാൽ ആഴ്‌സണൽ നിരയിൽ അത്തരം പരിചയസമ്പന്നരായ താരങ്ങൾ കുറവാണ്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പെം ലീഗ് കിരീടം നേടിയ ഗബ്രീയേൽ ജീസസ്, ഒലക്‌സാണ്ടർ സിൻജെങ്കോ എന്നിവരാണ് മുൻപ് കിരീടം നേടിയ താരങ്ങൾ. ടീമിലെ ബാക്കി താരങ്ങൾ ആരും പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ല. അർട്ടേറ്റയുടെ വിശ്വസ്ഥരായ മാർട്ടിൻ ഒഡെഗാർഡ്, ബുക്കയോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാണ്ട്രോ ട്രൊസാർഡ് എന്നിവരെല്ലാം ആദ്യമായാണ് കിരീടത്തിനടുത്തെത്തുന്നത്. അതുകൊണ്ട് തന്നെ നിർണായകമായ മത്സരങ്ങളിൽ സമ്മർദം കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവ് ലിവർപൂളിനെതിരായ മത്സരത്തിൽ നിഴലിക്കുന്നുണ്ടായിരുന്നു. ലീഗ് അവസാനത്തിലേക്ക് അടുക്കുന്തോറും ഇത്തരം പിഴവുകൾ ആവർത്തിക്കുമോയെന്ന് കാത്തിരിക്കാം.
എന്നാൽ സിറ്റി ജേതാക്കളുടെ നിരയാണ്. കെവിൻ ഡി ബ്രൂയിനും ബെർണാഡോ സിൽവയുമടങ്ങുന്ന മധ്യനിര കൂടുതൽ ശക്‌തമാണ്. മുന്നേറ്റത്തിൽ പരിചയ സമ്പന്നരായ റിയാദ് മെഹ്‌റസ്, ഇൽകെ ഗുണ്ടോഗൻ തുടങ്ങിയവരും മുൻപ് കിരീടമധുരം അറിഞ്ഞവരാണ്. സമ്മർദഘട്ടങ്ങളിൽ മത്സരം ജയിക്കാനുള്ള കഴിവുള്ളവരാണ് പെപ് ഗ്വാർഡിയോളയുടെ ടീം. ഇംഗ്ലീഷ് ഫുട്‌ബോളിൽ ആധിപത്യമുറപ്പിച്ച് പുതിയ റെക്കോഡുകൾ സ്വന്തമാക്കാനുള്ള കുതിപ്പിലാണ് ഗ്വാർഡിയോളയുടെ സംഘം.
ഹാലണ്ടിനെ പോലൊരു താരത്തിന്‍റെ അഭാവം ; മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾവേട്ടക്കാരനാണ് എർലിങ് ഹാലണ്ട്. സതാംപ്‌ടണെതിരായ ഇരട്ടഗോളുകൾ നേടിയ താരം പ്രീമിയർ ലീഗിൽ 30 ഗോളുകളെന്ന നേട്ടത്തിലെത്തി. ഇതോടെ സിറ്റി ജഴ്‌സിയിൽ ആകെ ഗോൾനേട്ടം 44 ആയി ഉയർത്താനും ഹാലണ്ടിനായി. ഒരു പ്രീമിയർ ലീഗ് സീസണിൽ 34 ഗോളുകൾ നേടിയ സലാഹിന്‍റെ റെക്കോഡ് തകർക്കാനും ഹാലണ്ടിന് കഴിഞ്ഞേക്കും. നിലവിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായ ഹാലണ്ടിന്‍റെ സാന്നിധ്യം സിറ്റിയെ കൂടുതൽ കരുത്തരാക്കുന്നു.
എന്നാൽ ആഴ്‌സണൽ നിരയിൽ ഹാലണ്ടിന്‍റെ ഗോൾവേട്ടയോട് കിടപിടിയ്‌ക്കുന്ന താരങ്ങളില്ല. 14 ഗോളുകൾ നേടിയ മാർട്ടിനെല്ലിയാണ് ആഴ്‌സണലിന്‍റെ ടോപ് സ്‌കോറർ. ബുകായോ സാക്ക (13), മാർടിൻ ഒഡെഗാർഡ് (10) എന്നിങ്ങനെയാണ് ഗോൾവേട്ടയിൽ മുന്നിലുള്ളത്.
ഗ്രാനിറ്റ് ഷാക്കയുടെ പൊട്ടിത്തെറി ; ലിവർപൂളിനെതിരായ ഗ്രാനിറ്റ് ഷാക്കയുടെ പ്രകോപനപരമായ മനോഭാവം ആഴ്‌സണലിന് തിരിച്ചടിയായി എന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയി കീൻ വിലയിരുത്തുന്നത്. ആഴ്‌സണൽ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് അലക്‌സാണ്ടർ അർണോൾഡുമായി കൊമ്പുകോർക്കുന്നത്. തനിക്കെതിരായ ഫൗൾ അനുവദിക്കാത്തതിനെ തുടർന്നാണ് താരം രോഷാകുലനായത്. ഷാക്കയുടെ മോശം പെരുമാറ്റത്തിന് മഞ്ഞക്കാർഡും ലഭിച്ചു. ഇതോടെ ആൻഫീൽഡിലെ കാണികൾ കൂടുതൽ ആവേശഭരിതരാകുകയും, ഇതോടെ തകർത്തുകളിച്ച ലിവർപൂൾ സലാഹിലൂടെ ആദ്യ ഗോൾ നേടി.
പല മത്സരങ്ങളിലും ഇത്തരം ചൂടൻ പെരുമാറ്റങ്ങൾക്ക് ഷാക്ക ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം സംഭവങ്ങളിൽ നിന്ന് ഒരു പാഠം ഉൾക്കൊള്ളാറില്ല. കളത്തിൽ തന്‍റേതായ റോൾ നിർവഹിക്കുന്നതിൽ ഷാക്ക മിടുക്കനാണ്. എന്നാൽ ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്ന സ്വഭാവം എങ്ങനെ നിയന്ത്രിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. മുൻപ് ആരാധകരോട് കയർത്തതിനെ തുടർന്നാണ് അദ്ദേഹത്തിന് ആഴ്‌സണലിന്‍റെ നായകസ്ഥാനം നഷ്‌ടമായത്.
ഗ്വാർഡിയോള തന്നെ ആശാൻ ; മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ആഴ്‌സണൽ പരിശീനത്തിന്‍റെ ബലപാഠങ്ങൾ സ്വയത്തമാക്കിയത്. മൂന്ന് വർഷം സിറ്റിയുടെ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന അർട്ടേറ്റ 2019 ൽ ആഴ്‌സണലുമായി കരാറിലെത്തും മുൻപ് ഗ്വാർഡിയോളയുടെ കീഴിലും പ്രവർത്തിച്ചിരുന്നു. എന്നാൽ 2008-09 ൽ ബാഴ്‌സയുടെ പരിശീലകനായ ആദ്യ വർഷത്തിൽ ഗ്വാർഡിയോള നേടിയ മേധാവിത്വം ആഴ്‌സണലിൽ അർട്ടേറ്റയ്ക്ക് നേടാനായില്ല. എങ്കിലും അർട്ടേറ്റയിൽ ആഴ്‌സണൽ വിശ്വാസമർപ്പിച്ചതിന്‍റെ ഫലമാണ് ഇന്നത്തെ ടീമിന്‍റെ വിജയം.
ഈ സീസണിലെ ആഴ്‌സണൽ- സിറ്റി പോരാട്ടം അതിനുള്ള ശക്തമായ തെളിവുകൾ നൽകി. സിറ്റി 3-1 ന്‍റെ വിജയം നേടിയ മത്സരത്തിൽ ടച്ച് ലൈനിൽ അർട്ടേറ്റ വളരെ ഭ്രാന്തമായിട്ടാണ് പെരുമാറിയത്. എന്നാൽ മറുവശത്ത് വളരെ ശാന്തനായിട്ടാണ് ഗ്വാർഡിയോള കാണപ്പെട്ടിരുന്നത്.
ആദ്യ പകുതിയിൽ കൂടുതൽ ആധിപത്യം നേടിയ ആഴ്‌സണലിനെ മേർ ടീം ഫോർമേഷനിൽ വരുത്തിയ മാറ്റങ്ങളിലൂടെയാണ് സിറ്റിയെ വിജയികളാക്കിയത്. പരിശീലക വേഷത്തിൽ മികച്ച റെക്കോഡാണ് ഗ്വാർഡിയോളയുടേത്. മത്സരങ്ങളുടെ ഗതിയനുസരിച്ച് ടീമിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ മികച്ചതാണ്. ഏപ്രിൽ 26 ന് നടക്കുന്ന മത്സരം രണ്ട് പേർക്കും നിർണായകമാണ്. എന്നാൽ ഗ്വാർഡിയോളയെന്ന കൗശലക്കാരന് മുന്നിൽ അർട്ടേറ്റയുടെ തന്ത്രങ്ങൾ ഫലപ്രദമാകുമോ എന്ന് കാത്തിരിക്കാം...