ദോഹ: ലോക കപ്പിനായി അർജന്‍റീനയും ഉറുഗ്വോയും ഖത്തറിലെത്തിയത് 2,000 പൗണ്ട് (900 കിലോ) ബീഫുമായി. ഖത്തറിൽ തങ്ങളുടെ പാരമ്പരാഗത ഭക്ഷണമായ 'അസഡോ' ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നതിനായാണ് ടീമുകൾ മാംസവുമായി ലോകകപ്പിനെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മാംസം ഉപഭോക്താക്കളാണ് അർജന്‍റീനയും ഉറുഗ്വേയും.
അതേസമയം ലോകകപ്പിനായി ഖത്തറിലെത്തിയ മെസിയും സംഘവും ഫൈവ് സ്റ്റാർ താമസ സൗകര്യം ഒഴിവാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബീഫ് ബാർബിക്യു ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ തയാറാക്കുന്നതിനായാണ് അർജന്‍റീന ആഢംബര സൗകര്യങ്ങൾ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. നിലവിൽ ഖത്തർ സർവകലാശാലയിലെ സ്റ്റുഡന്‍റ് ഹാളിലാണ് ടീം തങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
അര്‍ജന്‍റൈൻ പാരമ്പരാഗത വിഭവമായ അസാദോസ് ഉള്‍പ്പെടെയുള്ള ആസ്വദിക്കുന്നതിനായാണ് സൗകര്യങ്ങള്‍ കുറവായിട്ടും താമസം സ്റ്റുഡന്‍റ് ഹാളിൽ മതിയെന്ന് അർജന്‍റീന തീരുമാനിച്ചത്. താരങ്ങൾക്ക് ബാര്‍ബക്യു തയാറാക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഇവിടെ സംഘാടകർ ഒരുക്കി. ഇത്തവണ 72 പേരടങ്ങുന്ന സംഘവുമായാണ് അർജന്‍റീന ഖത്തറിലേക്കെത്തിയിരിക്കുന്നത്.
ടീമിന്‍റെ ഒത്തൊരുമ നിലനിർത്തുന്നതിൽ അസോദോ വലിയ പ്രാധാന്യമാണ് വഹിക്കുന്നതെന്ന് അർജന്‍റീന കോച്ച് ലയണൽ സ്‌കലോനി പറഞ്ഞു. 'എന്‍റെ പ്രിയപ്പെട്ട ഭക്ഷണം അസഡോയാണ്. അസഡോ എന്നത് ഒരു ഭക്ഷണം മാത്രമല്ല. അത് ടീമിന്‍റെ ഒത്തൊരുമയും ഒത്തിണക്കവും ഏകോപിപ്പിക്കന്നതിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്ന ഒരു പ്രധാന ആയുധം കൂടിയാണ്. ഇത് നമ്മുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. സ്‌കലോനി പറഞ്ഞു.
കളിക്കാര്‍ക്കും അര്‍ജന്‍റീനക്കാര്‍ക്കും അസഡോ വളരെ പ്രധാനപ്പെട്ടതാണ്. ഖത്തറിലായിരിക്കുമ്പോഴും താരങ്ങൾക്ക് വീടിന്‍റെ അനുഭവം കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇത് സജ്ജമാക്കിയത്. അവർ തങ്ങളുടെ മുഴുവൻ കഴിവും ഫുട്‌ബോളിനായി നൽകുമ്പോൾ അവർക്ക് വീട്ടിലെ സ്വാദ് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് അർജന്‍റൈൻ വൃത്തങ്ങൾ അറിയിച്ചു.
മറ്റ് ടീമുകൾക്ക് ആഢംബര താമസ സൗകര്യമാണ് നൽകിയിരിക്കുന്നത്. എന്നാൽ ഞങ്ങളുടെ ടീമാണ് ലോകത്തിലെ ഏറ്റവും മികച്ചത്. ലോകകപ്പിലാണ് ഞങ്ങളുടെ ശ്രദ്ധ. അല്ലാതെ താമസിക്കുന്ന ഹോട്ടലിന്‍റെ സൗകര്യങ്ങളിലേക്കല്ല, അർജന്‍റൈൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.