പാരീസ് : ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം തുടരുന്നു. മിക്‌സഡ് ഡബിള്‍സ് വിഭാഗത്തിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ദീപിക കുമാരി, അതാനു ദാസ് സഖ്യമാണ് ലോകകപ്പ് സ്റ്റേജ് 3-ല്‍ സ്വര്‍ണം കണ്ടെത്തിയത്. നെതര്‍ലാന്‍ഡ്‌സിന്‍റെ ഗബ്രിയേല ഷ്ലോസെർ, സ്ജെഫ് വാൻ ഡെൻ ബെർഗ് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്.
പിന്നില്‍ നിന്നും പൊരുതിക്കയറി
ഡച്ച് സംഘത്തിനെതിരെ 0-2 എന്ന സ്കോറിന് പുറകിലായിരുന്നെങ്കിലും 5-3 എന്ന സ്കോറിലേക്ക് പൊരുതിക്കയറിയാണ് ഇന്ത്യന്‍ ജോഡി വിജയം പിടിച്ചത്. സഖ്യമെന്ന നിലയില്‍ ദമ്പതികളായ ദീപികയുടേയും അതാനുവിന്‍റേയും ആദ്യ ലോക കപ്പ് മെഡല്‍ കൂടിയാണിത്.
also read: ആര്‍ച്ചറി ലോകകപ്പ് : ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം
സ്വര്‍ണമെഡല്‍ കണ്ടെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സര വിജയത്തിന് പിന്നാലെ ഇരുവരും പ്രതികരിച്ചു. '' നേട്ടം അവിസ്മരണീയമാണ്. ഒരു ഫൈനലില്‍ ഞങ്ങള്‍ ആദ്യമായാണ് ഒരുമിച്ച് കളിക്കുകയും വിജയം നേടുകയും ചെയ്യുന്നത്. ഒരുപാട് സന്തോഷം തോന്നുന്നു'' അതാനു പറഞ്ഞു.
വിവാഹ വാര്‍ഷകത്തിലെ ഇരട്ടി മധുരം
അതേസമയം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് ദമ്പതികളുടെ സ്വര്‍ണ നേട്ടം. രണ്ടുവർഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂൺ 30നാണ് ഇരുവരും വിവാഹിതാരായത്.
ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ നേട്ടം കൂടിയാണിത്. ദീപിക കുമാരി, കോമളിക ബാരി, അങ്കിത ഭഗത് എന്നിവരടങ്ങിയ വനിത ടീമും, വ്യക്തിഗത ഇനത്തില്‍ അഭിഷേക് വർമയുമാണ് നേരത്തെ സ്വര്‍ണം നേടിയത്.