ബാക്കു: അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന ഐഎസ്‌എസ്‌എഫ് ഷൂട്ടിങ് ലോകകപ്പില്‍ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ അഞ്ജും മൗദ്ഗില്‍. വനിതകളുടെ 50 മീറ്റർ റൈഫിള്‍ 3 പൊസിഷനിലാണ് താരം വെള്ളി നേടിയത്. 406.5 പോയിന്‍റുമായാണ് താരം സെമിയിൽ വിജയിച്ചത്. എന്നാൽ ഫൈനലിൽ ഡെൻമാർക്കിന്‍റെ റിക്കെ മാങ് ഇബ്‌സണിനോട് 16-12 ന് അഞ്‌ജും തോൽവി വഴങ്ങുകയായിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ അഞ്‌ജും 600-ല്‍ 587 പോയിന്‍റോടെയാണ് ടോപ്പ്-എട്ട് റാങ്കിങ് റൗണ്ടിലേക്ക് യോഗ്യത നേടിയത്. തുടർന്ന് നടന്ന രണ്ടാം റൗണ്ടിൽ 406.5 പോയിന്‍റുമായി അഞ്ജും രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഫൈനലിൽ ഇബ്‌സണെ മറികടക്കാൻ താരത്തിനായില്ല.
ഈയിനത്തില്‍ അഞ്‌ജുമിന്‍റെ രണ്ടാമത്തെ വ്യക്തിഗത ലോകകപ്പ് വെള്ളി മെഡലാണിത്. ഇതോടെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇലവേനിൽ വളറിവൻ, രമിത, ശ്രേയ അഗർവാൾ എന്നിവരടങ്ങിയ ടീം ഡെൻമാർക്കിനെ 17-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി സ്വർണം നേടിയിരുന്നു. 50 മീറ്റർ റൈഫിൾ 3പി ഇനത്തിൽ സ്വപ്‌നിൽ കുസാലെ വെള്ളിയും സ്വന്തമാക്കിയിരുന്നു.