ന്യൂഡല്‍ഹി : ബോക്സിങ് റാങ്കിങ്ങില്‍ ചരിത്രം തീര്‍ത്ത് ഇന്ത്യയുടെ അഭിമാന താരം അമിത് പങ്കൽ. ഇന്‍റര്‍നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ബോക്സിങ് ടാസ്ക് ഫോഴ്സ് പുറത്തുവിട്ട പുതിയ പട്ടികയിലാണ് ചരിത്രം തീര്‍ത്ത് അമിത് പങ്കൽ ഒന്നാം സ്ഥാനത്തെത്തിയത്.
ഇതോടെ ഐഒസിയുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്ന നേട്ടവും താരം സ്വന്തം പേരിലാക്കി. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 52 കിലോഗ്രാം ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായാവും അമിത് പങ്കെടുക്കുക.
also read: ആര്‍ച്ചറി ലോകകപ്പ് : ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം
അതേസമയം അടുത്തിടെ നടന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് ഷാക്കോബിദിൻ സോയിറോവിനോട് അമിത് പരാജയപ്പെട്ടിരുന്നു. 52 കിലോഗ്രാം വിഭാഗത്തില്‍ കനത്ത പോരാട്ടത്തിനൊടുവിലായിരുന്നു ഉസ്ബക്കിസ്ഥാന്‍ താരത്തോട് അമിത് തോല്‍വി വഴങ്ങിയത്.
മേരി കോം ഏഴാം സ്ഥാനത്ത്
63 കിലോ വിഭാഗത്തിലെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരമായ മനീഷ് കൗശിക് 18ാം സ്ഥാനത്തെത്തി. 75 കിലോ വിഭാഗം, 91 കിലോ വിഭാഗം എന്നിവയില്‍ ആശിഷ് കുമാര്‍, സതീഷ് കുമാര്‍ എന്നിവര്‍ ഒമ്പതാം സ്ഥാനത്തെത്തി. അതേസമയം ആറ് തവണ ലോക ചാമ്പ്യനായ മേരി കോം വനിതകളുടെ 51 കിലോ വിഭാഗത്തില്‍ ഏഴാം സ്ഥാനത്താണ്.
വനിതകളുടെ 60 കിലോ വിഭാഗത്തില്‍ സിമ്രാജിത് കൗർ നാലാം സ്ഥാനത്തെത്തി. ലോവ്‌ലിന ബോർഗോഹെയ്ൻ (69 കിലോ) അഞ്ചാം സ്ഥാനത്തും, പൂജ റാണി (75 കിലോ) എട്ടാം സ്ഥാനവും കണ്ടെത്തി.
അതേസമയം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കായിക മാമാങ്കം കൊവിഡ് മൂലമാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.