അല്‍വാരോ വാസ്‌ക്വസ്, ഈ സീസണില്‍ മിന്നും പ്രകടനം നടത്തി ഒരു പോരാളിയെ പോലെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ പടനയിക്കുന്ന സ്‌പാനിഷ് താരം. ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ സൈനിങ്ങുകളില്‍ ഏറ്റവും മികച്ചത്. കളിയഴകു കൊണ്ടും വേഗത കൊണ്ടും ആരാധക ഹൃദയങ്ങളില്‍ വളരെ വേഗം ഇടം പിടിച്ചു.
എത്ര പെട്ടെന്ന് ഡയറക്ഷനും എക്‌സിക്യുഷനും നടപ്പാക്കുന്നുവോ അത്രയും നല്ലതായിരിക്കും ലഭിക്കുന്ന ഫലം. മൈതാനത്ത് ഞൊടിയിടയിൽ ഡയറക്ഷനും എക്‌സിക്യൂഷനും നടപ്പാക്കുമ്പോള്‍ മാത്രമേ വേഗത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുകയുള്ളു. മത്സരത്തിനിടിയില്‍ വീണ് കിട്ടുന്ന ഏത് അവസരവും മുതലെടുക്കാന്‍ മിടുക്കനാണ് വാസ്‌ക്വസ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് വിജയ വഴിയിൽ തിരിച്ചെത്തിയ മല്‍സരത്തിൽ വാസ്‌ക്വസ് നേടിയ ഗോൾ താരത്തിന്‍റെ പ്രതിഭയെ ഒരിക്കൽ കൂടെ വിളിച്ചോതുന്നതായിരിന്നു .മൽസരത്തിന്‍റെ 82-ാം മിനിറ്റിൽ 59 മീറ്റര്‍ അകലെ നിന്നായിരുന്നു വാസ്‌ക്വസ് അത്ഭുത ഗോള്‍ സ്വന്തമാക്കിയത്. ഐഎസ്എല്ലില്‍ ഇതിനു മുമ്പ് ആരും തന്നെ ഇത്രയും ദൂരെ നിന്ന് ഗോള്‍ സ്‌കോര്‍ ചെയ്‌തിട്ടില്ല.
നോര്‍ത്ത്ഈസ്റ്റ് പ്രതിരോധ താരം മഷ്‌ഹൂര്‍ ഷരീഫിന്‍റെ മിസ് പാസില്‍ നിന്ന് പന്ത് കൈക്കലാക്കിയ വാസ്‌ക്വസ് സ്വന്തം പകുതിയില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോൾകീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയെയും മറികടന്ന് ഗോൾ വലയിലെത്തുകയായിരുന്നു.മിസ് പാസ് പിടിച്ചെടുത്ത വാസ്‌ക്വസ് രണ്ട് ടച്ചുകൾക്ക് ശേഷം പോസ്റ്റിലേക്ക് നോക്കുന്നു , ഗോൾ കീപ്പറുടെ തെറ്റായ സ്‌ഥാനം മനസിലാക്കുന്നു, കിക്കെടുക്കുന്നു, ഫിനിഷ്. ഇതാണ് ഡയറക്ഷന്‍റെയും എക്‌സിക്യൂഷന്‍റെയും മികച്ച ഉദാഹരണം.
ALSO READ:ISL | വിസ്‌മയ ഗോളുമായി വാസ്‌ക്വസ് ; നോർത്ത് ഈസ്റ്റിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്