ന്യൂഡൽഹി : ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പാക്കാനായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഒരു ജ്യോതിശാസ്‌ത്ര ഏജൻസിയെ നിയമിച്ചെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് ടെലിഗ്രാഫ് ഇന്ത്യ. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സിഇഒ സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേലിനെ നീക്കിയതിന് ശേഷം സുപ്രീം കോടതി പുതിയ ഭരണസമിതിയെ നിയമിച്ചിരുന്നു. ഈ ഭരണസമിതിയാണ് എ ഐ എഫ് എഫിന്‍റെ ഈ വിചിത്ര നടപടി പുറത്തെത്തിച്ചതെന്ന് ടെലിഗ്രാഫിന്‍റെ വാര്‍ത്തയില്‍ പറയുന്നു.
ഈ സേവനത്തിനായി 16 ലക്ഷത്തോളം രൂപ ഏജൻസിക്ക് നൽകിയതായാണ് കണ്ടെത്തൽ. എ ഐ എഫ് എഫ് ചെയ്‌തു കൂട്ടുന്ന മണ്ടത്തരങ്ങള്‍ക്കും അഴിമതികള്‍ക്കും മികച്ച ഉദാഹരണമായി ഇതിനെ കണക്കാക്കാവുന്നതാണ്. ഇന്ത്യൻ ടീമിന്‍റെ പ്രകടനങ്ങൾ വിലയിരുത്തുന്നതിനും വേണ്ട സഹായങ്ങൾ ചെയ്യാനുമാണ് ഈ ഏജൻസിയെ നിയമിച്ചെതെന്നാണ് എഐഎഫ്എഫിന്‍റെ അവകാശ വാദം.
എന്നാല്‍ ടീമിനുവേണ്ടി ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ഏജൻസി നേരത്തേ തന്നെയുണ്ട്. ഇന്ത്യൻ ഫുട്‌ബോളിന്‍റെ വളർച്ചയ്ക്കായി മികച്ച യൂത്ത് ലീഗുകൾ സംഘടിപ്പിക്കുന്നതിൽ പരാജയപ്പെടുകയും, നിരവധി പ്രധാന ടൂർണമെന്‍റുകൾ നിർത്തലാക്കാൻ നിർബന്ധിതരാവുകയും ചെയ്‌തിരുന്നു എഐഎഫ്എഫ്. ഈയൊരു സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കും.
ഈ ജ്യോതിശാസ്‌ത്ര ഏജൻസി ഇതുവരെ ഇന്ത്യന്‍ ടീമുമായി ഒരു മീറ്റിങ് പോലും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് അത്തരം ഏതെങ്കിലും വിലയിരുത്തല്‍ നടത്താനുള്ള ഏജൻസിയല്ല ഇതെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ കളിച്ചുനേടിയ യോഗ്യതയുടെ ക്രെഡിറ്റ് ജ്യോത്സ്യര്‍ കൊണ്ടു പോയെന്ന് സാരം.
ബ്ലാക്ക് മാജിക് ഇന്ത്യൻ ഫുട്ബോളിന് അത്ര പരിചിതമല്ലാത്ത കാര്യമൊന്നുമല്ല. ഒരിക്കൽ ഡൽഹി ആസ്ഥാനമായ ക്ലബ് പ്രധാന ലീഗ് മത്സരത്തിന് മുന്നോടിയായി മീററ്റ് ആസ്ഥാനമായുള്ള 'ബാബ'യുടെ ആശിർവാദം തേടിയിരുന്നു. മത്സര ശേഷം വിജയം അദ്ദേഹത്തിനാണ് സമർപ്പിച്ചത്.
നായകൻ സുനിൽ ഛേത്രിയുടെ മികവിലാണ് ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഛേത്രിയുടെ ബൂട്ടിൽ നിന്ന് പിറന്നത്. യോഗ്യത റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ കുതിപ്പ്.
കംബോഡിയയെ 2-0ന് തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ 2-1ന് അവസാന നിമിഷം വിജയം ഉറപ്പിച്ചു. അവസാന മത്സരത്തിൽ 4-0 നാണ് ഹോങ്കോങ്ങിനെ കീഴടക്കിയത്.