ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇതിഹാസ താരം ബൈചുങ് ബൂട്ടിയ. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ബൂട്ടിയ നാമനിർദേശ പത്രിക സമർപ്പിച്ചു. ദേശീയ ടീമില്‍ ഒപ്പം കളിച്ചിരുന്ന ദീപക് മൊണ്ഡാല്‍ നിര്‍ദേശിച്ചപ്പോള്‍ മധു കുമാരിയാണ് പിന്തുണച്ചത്. പ്രശസ്‌ത ഫുട്‌ബോളര്‍ എന്ന നിലയിലാണ് മധു കുമാരി ഇലക്‌ടറൽ കോളജിന്‍റെ ഭാഗമായത്.
'പ്രമുഖ കളിക്കാരുടെ പ്രതിനിധിയായാണ് ഞാൻ നാമനിർദേശ പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമാവാന്‍ അനുവദിച്ച സുപ്രീം കോടതി തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍, കളിക്കാര്‍ക്കും ഇന്ത്യൻ ഫുട്‌ബോളിനെ സേവിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കളിക്കാർ എന്ന നിലയിൽ മാത്രമല്ല, അഡ്‌മിനിസ്ട്രേറ്റർമാർ എന്ന നിലയിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാവുമെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്നു' - ബൂട്ടിയ പറഞ്ഞു.
ഡൽഹി ഫുട്‌ബോൾ പ്രസിഡന്‍റ് ഷാജി പ്രഭാകരനും എഐഎഫ്എഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. മേഘാലയ ഫുട്ബോൾ അസോസിയേഷൻ വഴി മുൻ താരം യൂജിൻസൺ ലിങ്ദോയും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജിയും നാമനിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്. നിലവില്‍ മേഘാലയ നിയമ സഭയില്‍ എംഎല്‍എയാണ് യൂജിൻസൺ.
അതേസമയം ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറായ കല്യാണ്‍ ചൗബെയ്‌ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ചൗബെ കളിച്ചിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയിലെ അംഗമാണ് ചൗബെ.
ഗുജറാത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ദേഹത്തിന്‍റെ പേര് നിർദേശിക്കുകയും, അരുണാചൽ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ പിന്തുണയ്ക്കുന്നു എന്നതുമാണ് ചൗബേയുടെ സാധ്യത ഉയര്‍ത്തുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 28നാണ് തെരഞ്ഞെടുപ്പ്. അതേമയം ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16ന് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചുവിട്ടതാണ് ഫിഫയെ ചൊടിപ്പിച്ചത്.