ലണ്ടന്‍: പ്രീമിയർ ലീഗ് ക്ലബ് ചെല്‍സിയുടെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയതായി ഉടമ റോമൻ അബ്രമോവിച്ച്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലത്തിലാണ് റഷ്യന്‍ ശതകോടീശ്വരനായ അബ്രമോവിച്ചിന്‍റെ പ്രഖ്യാപനം. ക്ലബ്ബിന്‍റെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.
'ക്ലബ്ബിന്‍റെ ഏറ്റവും നല്ല താൽപ്പര്യം മനസില്‍ വെച്ചാണ് ഞാൻ എപ്പോഴും തീരുമാനങ്ങൾ എടുത്തത്. ഈ മൂല്യങ്ങളിൽ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അതുകൊണ്ടാണ് ഞാൻ ഇന്ന് ചെൽസിയുടെ ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ ട്രസ്റ്റികൾക്ക് ചെൽസി എഫ്‌സിയുടെ നിയന്ത്രണം കൈമാറുന്നത്. ക്ലബ്, കളിക്കാർ, സ്റ്റാഫ്, ആരാധകർ എന്നിവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു' -അബ്രമോവിച് പ്രസ്താവനയിൽ പറഞ്ഞു.
2003 മുതല്‍ ചെല്‍സിയുടെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഏകദേശം 20 വർഷമായി ക്ലബ്ബിന്‍റെ അമരക്കാരനാണ് റോമൻ അബ്രമോവിച്ച്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ അബ്രമോവിച്ചിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
also read: എല്ലാം പുടിന്‍റെ തെറ്റ്; ആവശ്യമെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്നും യുക്രൈനിയന്‍ ഫുട്‌ബോളര്‍
അബ്രമോവിച്ചിന്‍റെ ഉടമസ്ഥതയ്‌ക്ക് കീഴില്‍ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടാൻ ചെല്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ കാരബാവോ കപ്പ് ഫൈനലില്‍ ലിവർപൂളിനെതിരായ ചെൽസിയുടെ പോരാട്ടത്തിന് മുന്നോടിയായി കൂടിയാണ് അബ്രമോവിച്ചിന്‍റെ നീക്കം.