യൂറോപ്യൻ ഫുട്‌ബോളില്‍ ഇന്ന് സൂപ്പർ മത്സരങ്ങൾ. ഇംഗ്ലണ്ടിലും ഇറ്റലിയിലും കിരീട അവകാശികളെ നിർണയിക്കുന്നതില്‍ ഇന്നത്തെ മത്സരങ്ങൾ നിർണായകം.
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി ന്യൂ കാസിൽ പോരാട്ടം. രാത്രി 9 മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ മൂന്ന് പോയിന്‍റുമായി ലിവർപൂളിനെ പിന്തള്ളി പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ സിറ്റിക്കാകും. നിലവിൽ 34 മത്സരങ്ങളിൽ നിന്ന് 83 പോയിന്‍റാണ് സിറ്റിക്കുള്ളത്.
ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 35 മത്സരങ്ങളിൽ നിന്ന് 83 പോയിന്‍റാണുള്ളത്. ഗോൾ വ്യത്യാസത്തിലാണ് ലിവർപൂൾ സിറ്റിയെക്കാൾ മുന്നിൽ നിൽക്കുന്നത്. ശനിയാഴ്‌ച നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിന് വിനയായത്. അതേസമയം 2012ന് ശേഷം ഇത്തവണ പ്രീമിയർ ലീഗിലെ ആറാം കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്.
ഇറ്റലി: ഇറ്റാലിയൻ സീരി എയിൽ ഇന്ന് എസി മിലാൻ- വെറോണ പോരാട്ടം. രാത്രി 12.15നാണ് മത്സരം. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മിലാനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഇന്ന് വിജയിക്കാനായാൽ ഇന്‍റർമിലാനെ പിന്തള്ളി എസി മിലാന് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കടക്കാനാകും.
ALSO READ: പ്രീമിയര്‍ ലീഗ് : യുണൈറ്റഡിന് നാണം കെട്ട തോല്‍വി ; സമനിലയില്‍ കുരുങ്ങി ലിവര്‍പൂള്‍
ജർമ്മനി: ബുണ്ടസ്‌ലിഗയിൽ ആർബി ലീപ്‌സിഗ് ഓഗ്‌സ്‌ബർഗിനെ നേരിടും. രാത്രി 11.30നാണ് ഇരുവരും തമ്മിലുള്ള മത്സരം. 15 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ ലീപ്‌സിഗിന് അവസാനത്തെ രണ്ട് മത്സരങ്ങൾ അടിപതറിയിരുന്നു.
രാത്രി 9 മണിക്ക് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിച്ച് വിഎഫ്ബി സ്‌റ്റുട്ട്‌ഗാർട്ടിനെ നേരിടും. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗില്‍ വില്ലാറയലിനോടേറ്റ തോൽവിക്ക് പകരം വിജയം മാത്രം ലക്ഷ്യമിട്ടാണ് ബയേണ്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
സ്‌പെയിൻ: ലാ ലിഗയിൽ ഇതിനകം തന്നെ കിരീടം സ്വന്തമാക്കിക്കഴിഞ്ഞ റയൽ മാഡ്രിഡ് അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ എസ്‌പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയതോടെയാണ് നാല് മത്സരങ്ങൾ ശേഷിക്കെ റയൽ കിരീടം ഉറപ്പിച്ചത്. റയലിന്‍റെ 35-ാം ലാ ലിഗ കിരീടമാണിത്. അതേസമയം 34 മത്സരങ്ങളിൽ നിന്ന് 61 പോയിന്‍റുള്ള അത്‌ലറ്റികോ മാഡ്രിഡ് നിലവിൽ നാലാം സ്ഥാനത്താണ്.