ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) ഇന്ത്യയ്‌ക്ക് 20-ാം സ്വര്‍ണം (20th Gold Medal For India In Asian Games 2023). മിക്‌സഡ് വിഭാഗം സ്‌ക്വാഷ് ഡബിള്‍സ് (squash mixed doubles) ഫൈനല്‍ പോരാട്ടത്തില്‍ ദീപിക പള്ളിക്കലും (Dipika Pallikal) ഹരീന്ദർ പാൽ സിങ് സന്ധുവും (Harinder Pal Singh Sandhu) ചേര്‍ന്നാണ് ഇന്ത്യയ്‌ക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത്. മലേഷ്യന്‍ വെല്ലുവിളി മറികടന്നാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ ജയം പിടിച്ചത്. 11-10, 11-10 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ജയം.
ഒരുഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് ഇന്ത്യ നീങ്ങുമെന്ന് തോന്നിപ്പിച്ച ഫൈനല്‍ പോരാട്ടമായിരുന്നു നടന്നത്. 9-3 എന്ന സ്‌കോറിന് മുന്നിലായിരുന്നു രണ്ടാം സെറ്റില്‍ ഇന്ത്യ. എന്നാല്‍, പിന്നീട് ശക്തമായി തിരിച്ചടിച്ച മലേഷ്യയുടെ ഐഫ ബിന്‍ടി അസ്‌മാനും (Aifa Binti Azman) മുഹമ്മദ് സയാഫിഖ് ബിൻ മുഹമ്മദ് കമലും (Mohammad Syafiq Bin Mohd Kamal) ചേര്‍ന്ന് ഇന്ത്യന്‍ ജോഡികളെ പ്രതിരോധത്തിലാക്കി. 9-10 എന്ന സ്‌കോറിന് പിന്നിലായ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യം മത്സരത്തിലേക്ക് തിരിച്ചുവന്നത്.
ഈ ഏഷ്യന്‍ ഗെയിംസില്‍ ദീപികയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. നേരത്തെ വനിത ഡബിള്‍സില്‍ വെങ്കലമായിരുന്നു ദീപിക നേടിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഹരീന്ദർ പാൽ സിങ് സന്ധുവിന്‍റെ ആറാമത്തെ മെഡല്‍ നേട്ടമാണിത്. നാല് എഡിഷനുകളില്‍ പങ്കെടുത്തിട്ടുള്ള 32കാരനായ താരം ഒരു സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതുവരെ നേടിയിട്ടുള്ളത്.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിന്‍റെ 11-ാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമെഡല്‍ നേട്ടമാണ് ഇത്. അമ്പെയ്‌ത്ത് ടീം കോമ്പൗണ്ട് വനിത വിഭാഗത്തിലാണ് ഇന്ത്യ ഇന്ന് ആദ്യ സ്വര്‍ണമെഡല്‍ നേടിയത്. ജ്യോതി സുരേഖ വെന്നം (Jyoti Surekha Vennam), അദിതി സ്വാമി (Aditi Swamy), പർനീത് കൗർ (Parneet Kaur) എന്നിവരടങ്ങിയ സംഘമാണ് ഈ വിഭാഗത്തില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സംഘത്തെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ഈ ഏഷ്യന്‍ ഗെയിംസിലെ അമ്പെയ്‌ത്ത് വിഭാഗത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലായിരുന്നു ഇത്.