കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ എസ് എസ് ബി (സശ്‌സ്ത്ര സീമാബല്‍)യും ബംഗളൂരുവും സെമിയില്‍. ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് എസ് എസ് ബി സെമിയില്‍ കടന്നത്. എസ് എസ് ബി നിരയില്‍ മുന്നേറ്റ താരം പ്രീതി നാല് ഗോള്‍ നേടി. ബിജേത ലോങ്ജം ദേവി, മാകിസിമ എക്ക എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും അന്‍ജിക, മനീഷ എന്നിവര്‍ ഓരോ ഗോളുകളും നേടി. ഗോവയുടെ ആശ്വാസ ഗോള്‍ നിഖിത നായിക്കിന്റെ വകയായിരുന്നു. പട്യാലയും-യൂക്കോ ബാങ്കും തമ്മിലുള്ള ക്വാര്‍ട്ടർ ഫൈനല്‍ മത്സരത്തിലെ വിജയിയാണ് സെമിയില്‍ എസ് എസ് ബിയുടെ എതിരാളികള്‍.
അതേസമയം മറ്റൊരു ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ ബംഗളൂരു 5-1ന് ഗുജറാത്തിനെ തോല്‍പിച്ച് സെമിയില്‍ കടന്നു. ബി മധുമതി ബംഗളൂരുവിനായി ഹാട്രിക്ക് നേടി. സയീദ ഖനൂം, സാന്ദ്ര എസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഗുജറാത്തിന്‍റെ ആശ്വാസ ഗോള്‍ റിങ്കു പ്രജാപതിയുടെ വകയായിരുന്നു. എസ് പി എസ് ബി-മുംബൈ ക്വാർട്ടർ ഫൈനല്‍ മത്സര വിജയിയെ ബംഗളൂരു സെമി ഫൈനലില്‍ നേരിടും.