ഭുവനേശ്വർ: 2020 ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി ഇന്ത്യൻ വനിത ഹോക്കി ടീം. രണ്ട് പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ അമേരിക്കയെ അഞ്ചിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ യോഗ്യത നേടിയത്.
യോഗ്യത മത്സരത്തിന്‍റെ രണ്ടാം പാദത്തില്‍ അമേരിക്കയോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തില്‍ നേടിയ വമ്പൻ ജയമാണ് ഇന്ത്യയെ തുണച്ചത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തില്‍ 49-ാം മിനിറ്റില്‍ നായിക റാണി റാംപാല്‍ നേടിയ ഗോളാണ് ഇന്ത്യക്ക് ഒളിമ്പിക്‌സ് യോഗ്യത നേടി കൊടുത്തത്. ഇത് മൂന്നാം തവണയാണ് ഇന്ത്യൻ ടീം ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. നേരത്തെ 1980ലും 2016ലും ഇന്ത്യ യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് തുടർച്ചയായ രണ്ടാം തവണ ഇന്ത്യൻ വനിത ടീം ഒളിമ്പിക്‌സിലേക്ക് എത്തുന്നത്.
ആദ്യ പാദ മത്സരത്തില്‍ ഗുർജീത് കൗർ ഇന്ത്യക്കായി രണ്ട് ഗോൾ നേടിയിരുന്നു. ലിലിമ മിൻസ്, ഷർമിള ദേവി, നവനീത് കൗർ എന്നിവർ ഓരോ ഗോൾ വീതവും നേടിയിരുന്നു. ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ.