ന്യൂഡല്‍ഹി: ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ പരിശീലനം തുടരുന്ന ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുഷ്താഖ് അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശീലനത്തിനിടെ ഇടവേള നല്‍കേണ്ടത് അനിവാര്യമായതിനാലാണ് നടപടിയെന്ന് മുഷ്താഖ് അഹമ്മദ് പറഞ്ഞു. എല്ലാവരും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലും ടീം അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തിയ പരിശീലകരുടെ ഉള്‍പ്പെടെ പ്രതിബന്ധതയെ അംഗീകരിക്കുന്നു. ടീം അംഗങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. കഴിഞ്ഞ നാല് മാസത്തോളം അവര്‍ ഒറ്റക്കെട്ടായി നിന്നു. അഞ്ച് മാസത്തോളം ഒരുമിച്ച് നിന്ന ടീം അംഗങ്ങള്‍ അവധികാലത്തും ഈ പ്രതിബന്ധത നിലനിര്‍ത്തേണ്ടതുണ്ടെന്നും മുഹമ്മദ് മുഷ്താഖ് അഹമ്മദ് പറഞ്ഞു.
നിലവില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ അഞ്ച് മാസത്തേളമായി ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ തുടരുന്ന ഇരു ടീം അംഗങ്ങളും രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ജൂണ്‍ 10-ാം തീയ്യതി മുതല്‍ ചെറിയ തോതില്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതിന് ശേഷം പുരുഷ, വനിതാ ഹോക്കി ടീമുകളുടെ പരിശീലകരുമായി ആലോചിച്ചാണ് ഒരു മാസത്തെ അവധി പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് പരിശീലന പരിപാടികള്‍ ജൂലൈ 19 മുതല്‍ പുനരാരംഭിക്കും.
അതേസമയം ഹോക്കി താരങ്ങള്‍ അവധിയില്‍ പോകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡണങ്ങള്‍ പാലിക്കണം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ബംഗളൂരുവിലെ സായി കേന്ദ്രത്തില്‍ പരിശീലനത്തിനായി എത്തിയത്. പിന്നീട് മാര്‍ച്ച് ആദ്യ വാരത്തോടെ പുരുഷ ഹോക്കി ടീമും കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചു.