ലോസാന്‍: അന്തരിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം പത്മശ്രീ ബല്‍ബീർ സിങ്ങിന് ആദരാഞ്‌ജലി അർപ്പിച്ച് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍. ജീവിതം മുഴുവന്‍ ഹോക്കിക്ക് വേണ്ടി സമർപ്പിച്ച വ്യക്തിയായിരുന്നു ബല്‍ബീർ സിങ്ങെന്ന് എഫ്‌ഐഎച്ച് അനുശോചന കുറിപ്പില്‍ പറഞ്ഞു.
അദ്ദേഹം അസാമാന്യ പ്രതിഭയുള്ള അന്താരാഷ്‌ട്ര താരമായിരുന്നു. മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്തപ്പോഴും രാജ്യത്തിനായി സ്വർണം സ്വന്തമാക്കി. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിന് ഒപ്പം ചേരുന്നു. അദ്ദേഹം തന്‍റെ അനുഭവ സമ്പത്ത് പരിശീലകനെന്ന നിലയില്‍ രാജ്യത്തെ ഹോക്കി ടീമുമായി പങ്കിട്ടു. അദ്ദേഹത്തിന്‍റെ കീഴിലാണ് 1975-ല്‍ ഇന്ത്യന്‍ ടീം ലോകകപ്പ് സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും മികച്ച കായികതാരമായിരുന്ന അദ്ദേഹം അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട 16 ഇന്ത്യക്കാരില്‍ ഒരാൾ കൂടിയാണ്.
ബെല്‍ബീര്‍ സിങ്ങിന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഛണ്ഡീഗഡിലെ സെക്‌ടർ 25-ല്‍ സംസ്‌കരിച്ചു. സെക്‌ടർ 36-ലെ വീട്ടില്‍ പൊതു ദർശനത്തിന് വച്ചു. പ്രമുഖർ അന്ത്യാഞ്‌ജലി അർപ്പിച്ചു.
95 വയസായിരുന്നു. തിങ്കളാഴ്‌ച രാവിലെ 6.30ന് മൊഹാലി ഫോര്‍ട്ടീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മെയ് എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.