ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുരുഷ ഹോക്കി ടീമുകള്‍ക്കായി കേന്ദ്ര സർക്കാർ 65 കോടി രൂപ ചിലവഴിച്ചതായി കായിക മന്ത്രി അനുരാഗ് താക്കൂർ വ്യാഴാഴ്ച അറിയിച്ചു. രാജ്യ സഭയെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പരിശീലന ക്യാമ്പുകൾ, മത്സരങ്ങൾക്കും മറ്റ് ചിലവുകൾക്കുമായാണ് തുക വിനിയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
” സീനിയർ ഹോക്കി പുരുഷ ടീമിന് 45.05 കോടി രൂപയും ജൂനിയർ ഹോക്കി പുരുഷ ടീമിന് 20.23 കോടി രൂപയുമാണ് നല്‍കിയത്. പരിശീലന ക്യാമ്പുകൾ, വിദേശ മത്സരങ്ങൾ, ആഭ്യന്തര മത്സരങ്ങൾ, പരിശീലകരുടെ ശമ്പളം, ഉപകരണങ്ങൾ തുടങ്ങിയവയ്ക്കായാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2016-17 മുതൽ 2020-21) തുക ചിലവഴിച്ചത്” കായിക മന്ത്രി രാജ്യ സഭയെ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സീനിയര്‍ ടീം വെങ്കല മെഡല്‍ നേടിയിരുന്നു. നീണ്ട 41 വർഷത്തിന് ശേഷമായിരുന്നു ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം.
also read: ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ ലഭിച്ചേക്കും; മെസിയുടെ വാക്കുകളില്‍ 'ചിന്തിച്ച്' ഫ്രാൻസ് ഫുട്‌ബോൾ
അതേസമയം നിലവില്‍ പുരോഗമിക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍റെ സെമിയിലെത്താന്‍ ഇന്ത്യയ്‌ക്കായിട്ടുണ്ട്. വെള്ളിയാഴ്‌ച ജര്‍മ്മനിക്കെതിരായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി കളിക്കുക.