ഹൈദരാബാദ്: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ നായകൻ മൻപ്രീത് സിംഗും. ആറുപേരുടെ പട്ടികയില്‍ ഒരാളായാണ് മന്‍പ്രീത് ഇടംനേടിയത്.

മികച്ച പുതുമുഖ താരത്തിനുള്ള റൈസിങ് സ്റ്റാര്‍ പുരുഷ വിഭാഗത്തില്‍ വിവേക് പ്രസാദ് ഇടം നേടി.

വനിതാ വിഭാഗത്തില്‍ ലാല്‍റെംസിയാമിയും ഇടം നേടി.

മികച്ച പുതുമുഖ താരത്തിനുള്ള റൈസിങ് സ്റ്റാര്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ആരും പുരസ്‌കാര പട്ടികയില്‍ ഇടം നേടിയില്ല. ഇന്ത്യക്ക് ഒളിമ്പിക് ബെർത്ത് സമ്മാനിച്ചതിന് പിന്നാലെയാണ് സീസണിലെ മികച്ച താരത്തിനുള്ള ചുരുക്ക പട്ടികയിലേക്ക് മന്‍പ്രീത് പരിഗണിക്കപെട്ടത്. 242 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച മന്‍പ്രീത് ഇന്ത്യയുടെ മിഡ്‌ഫീല്‍ഡിലെ കരുത്തനാണ്. ഈ വർഷം ആദ്യം നടന്ന എഫ്ഐഎച്ച് സീരീസ് ഫൈനലിൽ പത്തൊമ്പതുകാരനായ വിവേക് പ്രസാദിനെ മികച്ച യുവ കളിക്കാരനായി തിരഞ്ഞെടുത്തിരുന്നു. 2018-ലെ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. പത്തൊമ്പതുകാരിയായ മുന്നേറ്റതാരം ലാല്‍റെംസിയാമി 2018-ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു. പുരസ്‌കാര പ്രഖ്യാപനം അടുത്ത ഫെബ്രുവരിയില്‍ ഉണ്ടാകും.