മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലക സ്ഥാനത്തേക്ക് ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാനെ എത്തിക്കാൻ പദ്ധതിയെന്ന് റിപ്പോട്ടുകള്‍. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഒലെ ഗുണ്ണാർ സോൾഷ്യേറിന് കീഴില്‍ ടീം മോശം പ്രകടനം തുടരുന്നതിനാലാണ് ക്ലബ് പുതിയ പരിശീലകനെ തിരയുന്നത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡില്‍ ലിവര്‍പൂളിനെതിരായ നാണം കെട്ട തോല്‍വിക്ക് പിന്നാലെ സിറ്റിക്കെതിരായ മാഞ്ചസ്റ്റർ ഡർബിയിലും ചുകന്ന ചെകുത്താന്മാര്‍ തോല്‍വി വഴങ്ങിയതോടെ സോൾഷ്യേറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തേയും മികച്ച പരിശീലനായിരുന്ന സിദാനെ ക്ലബ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോണോ -സിദാൻ സഖ്യം
റയൽ പരിശീലകനായിരുന്ന സമയത്ത് ടീമിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ വ്യക്തിബന്ധം ഉപയോഗിക്കാനാണ് മാഞ്ചസ്റ്റര്‍ അധികൃതര്‍ ലക്ഷ്യമിടുന്നതെന്നും റൊണാൾഡോയ്‌ക്ക് പുറമെ ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ സാന്നിധ്യവും ഫ്രഞ്ച്മാനെ ക്ലബിലേക്ക് ആകര്‍ഷിക്കുമെന്നുമാണ് ഇത് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സിദാനുമായി ക്ലബ് മാനേജ്മെന്‍റ് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സീസണിന്‍റെ പകുതിയില്‍ ടീമിന്‍റെ ചുമതലയേറ്റെടുക്കുന്നതില്‍ സിദാന് താത്പര്യമില്ലെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിലുള്ളത്. സ്ഥാനമേറ്റെടുക്കാന്‍ താരം തയ്യാറാണെങ്കില്‍ തന്നെ അടുത്ത സീസൺ മുതലായിരിക്കുമെന്നും സിദാനെത്തുകയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സമ്മറില്‍ റയല്‍ വിട്ടതിന് പിന്നാലെ മറ്റ് ടീമുകളുടെ ചുമതല സിദാന്‍ ഏറ്റെടുത്തിട്ടില്ല. സിദാന് കീഴില്‍ സ്പാനിഷ് ക്ലബ് മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാ ലീഗ കിരീടവും നേടിയിട്ടുണ്ട്. അതിനിടെ മോശം പ്രകടനം തുടർന്നാല്‍ റൊണോള്‍ഡോ ടീം വിടുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.