ലിസ്ബണ്‍: കാല്‍പ്പന്തുകളിയിലെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് ഇനി മധുരിക്കും, ചോക്കളേറ്റ് പോലെ. സൂപ്പർ താരത്തിന്‍റെ പൂർണകായ പ്രതിമ ചോക്കളേറ്റില്‍ തീർത്തിരിക്കുകയാണ് ആരാധകന്‍. ജന്മനാടായ പോർച്ചുഗലില്‍ നടക്കുന്ന കാർണിവെല്ലിന്‍റെ ഭാഗമായാണ് പ്രതിമ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
ചോക്കളേറ്റില്‍ ശില്‍പ്പങ്ങൾ നിർമിക്കുന്നതില്‍ വിദഗ്‌ധനായ പോർച്ചുഗീസ് സ്വദേശി ജോർജ് കാർഡോസാണ് പ്രതിമ നിർമിച്ചത്. 120 കിലോഗ്രാം ഭാരവും 1.87 മീറ്റർ ഉയരവുമുള്ള പ്രതിമയാണ് ചോക്കളേറ്റില്‍ നിർമിച്ചത്. നിലവില്‍ സ്വിറ്റ്സർലന്‍ഡില്‍ താമസമാക്കിയ കാർഡോസ് ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തിയാണ് പ്രതിമ നിർമിച്ചത്. രണ്ട് ഭാഗങ്ങളാക്കി നിർമിച്ച പ്രതിമ പോർച്ചുഗീസിലെത്തിച്ച ശേഷം കൂട്ടിച്ചേർക്കുകയായിരുന്നു. കാർണിവെല്ലിന് ശേഷം പ്രതിമ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള മ്യൂസിയത്തിലേക്ക് മാറ്റും. ഇറ്റാലിയന്‍ സീരി എയിലെ വമ്പന്‍മാരായ യുവന്‍റസിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റോണാൾഡോ ഫുട്ബോളില്‍ ആയിരം മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. സീരി എയില്‍ സ്‌പാലിന് എതിരെ ബൂട്ടുകെട്ടിയാണ് താരം 1000 മത്സരങ്ങൾ പൂർത്തിയാക്കിയത്.