ബാഴ്‌സലോണ: കാല്‍പന്ത് കളിയിലെ മിശിഹയുടെ ബാഴ്‌സലോണയിലെ അവസ്ഥയില്‍ സഹതാപം തോന്നിയതായി യുറുഗ്വന്‍ മധ്യനിര താരം അര്‍തുറോ വിദാല്‍. സൂപ്പര്‍ താരം ലയണല്‍ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള പോര് മറനീക്കി പുറത്ത് വന്നതോടെയാണ് ക്ലബിനെതിരെ ആഞ്ഞടിച്ച് വിദാല്‍ രംഗത്തെത്തിയത്.
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസിയെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ കളിക്കളത്തില്‍ അദ്ദേഹത്തിന് നേട്ടമുണ്ടാക്കണമെങ്കില്‍ സഹതാരങ്ങളുടെ സഹായം കൂടിയേ തീരൂ. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ക്ലബിന്‍റെ അവസ്ഥ പരിതാപകരമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമില്‍ 13 പ്രൊഫഷണല്‍ താരങ്ങളാണ് ഉണ്ടായിരുന്നത്. ക്ലബിന്‍റെ ഡിഎന്‍എയും പറഞ്ഞിരുന്നാല്‍ കളി ജയിക്കില്ലെന്നും വിദാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം നൗകാമ്പില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നാലും റയില്‍ മാഡ്രിഡിലേക്ക് ഇല്ലെന്നും വിദാല്‍ വ്യക്തമാക്കി കഴിഞ്ഞു. ബാഴ്‌സലോണയുടെ ആരാധകരുമായി ആരോഗ്യകരമായ ബന്ധമാണ് സൂക്ഷിക്കുന്നത്. ഇത് നഷ്‌ടപെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദാല്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്ക് ഒരു കിരീടം പോലും സ്വന്തമാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നൗ ക്യാമ്പില്‍ ഉടച്ചുവാര്‍ക്കലിന് തുടക്കമായത്. പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ രംഗത്ത് വന്നു. ഇതിന് പിന്നാലെ മെസി ഉള്‍പ്പെടെയുള്ള താരങ്ങളോട് കോമാന്‍ നയം വ്യക്തമാക്കി. വിദാലും സുവാരിസും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് മുന്നില്‍ നൗ കാമ്പിന് പുറത്തേക്കുള്ള വഴി തുറന്ന കോമാന്‍ മെസിക്ക് പ്രത്യേക പരിഗണന ലഭിക്കില്ലെന്നും പറഞ്ഞു.