ടൂറിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ കിരീട സ്വപ്‌നങ്ങള്‍ സജീവമാക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തുമോ. റൊണാള്‍ഡോയെ തിരിച്ചെത്തിക്കാന്‍ യുണൈറ്റഡ് ശ്രമങ്ങള്‍ ആരംഭിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ടര്‍ ക്രിസ് മാര്‍ട്ടിനെ ക്വോട്ട് ചെയ്‌ത് ഗോള്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
റോണാള്‍ഡോയെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍വെക്കാന്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസ് തീരുമാനിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് യുണൈറ്റഡിന്‍റെ നീക്കം. കഴിഞ്ഞ രണ്ട് സീസണുകളിലായി പ്രധാന യൂറോപ്യന്‍ ലീഗ് കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ യുണൈറ്റഡിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സൂപ്പര്‍ താരം റൊണാള്‍ഡോയെ വീണ്ടെടുക്കാനുള്ള യുണൈറ്റഡിന്‍റെ ശ്രമം.
ഓള്‍ഡ് ട്രാഫോഡിലെ പ്രതാപകാലത്ത് പ്രധാന യൂറോപ്യന്‍ ലീഗ് കിരീടങ്ങളെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ് കീഴില്‍ കളിച്ച് വളര്‍ന്ന താരമാണ് റൊണാള്‍ഡോ. പോര്‍ച്ചുഗലില്‍ നിന്നും യുണൈറ്റഡില്‍ എത്തിയ ശേഷമാണ് റൊണാള്‍ഡോ കാല്‍പന്തിന്‍റെ ലോകത്തെ ഇതിഹാസമായി മാറിയത്. 292 മത്സരങ്ങളില്‍ യുണൈറ്റഡിന്‍റെ ആക്രണത്തിന്‍റെ കുന്തമുനയായ റൊണാള്‍ഡോ 118 ഗോളുകളാണ് അടിച്ച് കൂട്ടിയത്. 68 അസിസ്റ്റുകളും റോണോയുടെ പേരിലുണ്ട്. യുണൈറ്റഡിനൊപ്പം ഒമ്പത് സുപ്രധാന കിരീടങ്ങളും ഈ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ആഘോഷിച്ചു. വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം റൊക്കോഡ് തുകക്ക് റോണോ റയല്‍ മാഡ്രിഡിലേക്കും അവിടെ നിന്ന് 2018ല്‍ 88 മില്യണ്‍ യൂറോക്ക് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിലേക്ക് ചേക്കേറിയത്.
കൂടുതല്‍ വായനക്ക്: നെയ്‌മര്‍ക്ക് പകരം റൊണാള്‍ഡോ; സൂപ്പര്‍ താരകൈമാറ്റത്തിന് പിഎസ്‌ജി