ആംസ്റ്റര്‍ഡാം : യൂറോകപ്പില്‍ പ്രീക്വാർട്ടർ യോഗ്യതയ്ക്കായി ഇന്ന് പ്രമുഖ ടീമുകൾ കളത്തില്‍. ഇന്ത്യൻ സമയം രാത്രി 9:30 നും രാത്രി 12.30നുമായി നാല് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഗ്രൂപ്പ് സി യുടെ അവസാന രണ്ട് മത്സരങ്ങളില്‍ ബുക്കാറെസ്റ്റിൽ യുക്രൈൻ ഓസ്ട്രിയയെ നേരിടുമ്പോൾ ആംസ്റ്റര്‍ഡാമിൽ നെതർലൻഡ് നോർത്ത് മാസിഡോണിയെ നേരിടും.
യൂറോയിലെ പുതുമുഖങ്ങളായ മാസിഡോണിയെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാവുക എന്നതാണ് നെതർലൻഡിന്‍റെ ലക്ഷ്യം. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട നോർത്ത് മാസിഡോണിയ യൂറോയിലെ അഭിമാന പോരാട്ടത്തിനാണ് ഇന്നിറങ്ങുന്നത്.
Read Also..........വമ്പന്‍മാര്‍ പരുങ്ങലില്‍; യൂറോയില്‍ കളി കാര്യമാകുന്നു
നെതർലൻഡിന് ആറ് പോയിന്‍റാണുള്ളത്. ഓസ്‌ട്രിയയേയും യുക്രൈനെയും തോൽപ്പിച്ചാണ് നെതർലൻഡിന്‍റെ യാത്ര. കുഞ്ഞന്മാരായ മാസിഡോണിയെ നേരിടുമ്പോൾ നെതർലൻഡ് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും.
അതേസമയം, ബുക്കാറെസ്റ്റിൽ യുക്രൈൻ ഓസ്ട്രിയയെ നേരിടുമ്പോൾ കാര്യങ്ങൾ ഇരു ടീമിനും നിർണായകമാണ്. ഇരുവർക്കും മൂന്ന് പോയിന്‍റാണുത്. ജയിക്കുന്നവർക്ക് നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുക്കാം. കളി സമനിലയിലാണ് എങ്കിൽ യുക്രൈനാകും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തുക. യുക്രൈൻ ആക്രമണത്തിന്‍റെ കുന്തമുനകളായ റോമൻ യാരെംചക്കും, ആൻഡ്രി യർമോലെൻകോയും ഫോമിലാണ് എന്നത് ആശ്വാസമാണ്. മൈക്കൽ ഗ്രിഗോറിച്ച്, മാർക്കോ അർണട്ടോവിക്ക്, ഡേവിഡ് അലാബ എന്നിവരാണ് ഓസ്ട്രിയയുടെ കരുത്ത്.