ഇറ്റലിയിലെ പ്രശസ്തമായ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ജൂൺ 11ന് രാത്രി പന്തുരുളുമ്പോൾ 63 വർഷത്തെ പഴക്കവും പാരമ്പര്യവുമുള്ള യൂറോ കപ്പ് ഫുട്‌ബോൾ ടൂർണമെന്‍റിന് തുടക്കമാകും. ആറ് ഗ്രൂപ്പുകളിലായി 24 രാജ്യങ്ങളാണ് യൂറോപ്പിന്‍റെ ഫുട്‌ബോൾ ചക്രവർത്തിയാകാൻ നേർക്കു നേർ വരുന്നത്.
മൂന്ന് തവണ കിരീടം നേടിയ ജർമനിയും സ്‌പെയിനും നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലും ഏറ്റവും ശക്തമായ യുവനിരയുമായി ഇംഗ്ലണ്ടും എന്നും എവിടെയും കറുത്ത കുതിരകളാകുന്ന ബെല്‍ജിയവും ലോകകപ്പ് ജേതാക്കളായ ഫ്രാൻസും കിരീടം മാത്രം സ്വപ്നം കാണുന്ന ഇറ്റലിയും ഹോളണ്ടും എല്ലാം പ്രതീക്ഷയിലാണ്.
താരസമ്പന്നമായ യൂറോപ്പില്‍ കിരീടപ്പോരാട്ടം തുടങ്ങുമ്പോൾ ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർക്ക് കാല്‍പ്പന്ത് ആവേശത്തിന്‍റെ മനോഹര ദിനങ്ങളാണ് വരാനിരിക്കുന്നത്. ഇതിനു മുൻപ് 2016ലാണ് അവസാനമായി യൂറോകപ്പ് ടൂർണമെന്‍റ് നടന്നത്. അന്ന് പോർച്ചുഗല്‍ കിരീടമുയർത്തി. കഴിഞ്ഞ വർഷം നടക്കേണ്ട യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് കൊവിഡിനെ തുടർന്ന് 2021ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
മൈതാനം നിറയെ കൗതുകങ്ങൾ
ഏതെങ്കിലും ഒരു രാജ്യം ആതിഥേയത്വം വഹിക്കുന്നതിന് പകരം 11 രാജ്യങ്ങളിലെ 11 സിറ്റികളിലെ സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 2021 ജൂൺ 11 ന് തുടങ്ങി ജൂലായ് 11ന് അവസാനിക്കുന്ന രീതിയിലാണെങ്കിലും ടൂർണമെന്‍റിന്‍റെ പേര് ഇപ്പോഴും "യുവേഫ യൂറോ 2020" എന്നു തന്നെയാണ്.
യൂറോപ്പിലെ 11 പരമ്പരാഗത ഫുട്ബോൾ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ എന്നതാണ് ഇത്തവണത്തെ കൗതുകം. ഗ്രൂപ്പ് സ്റ്റേജ് മുതലുള്ള മത്സരങ്ങൾക്ക് ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങൾക്ക് വേദിയാകുന്നതും വെംബ്ലി തന്നെയാണ്.
ഗ്രൂപ്പ് സ്്റ്റേജ് മത്സരങ്ങൾക്ക് മാത്രമായി ഹോളണ്ടിലെ ആംസ്റ്റർ ഡാം, റൊമാനിയയിലെ ബുച്ചറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ്, ഡെൻമാർക്കിലെ കോപ്പൻഹേഗൻ, സ്കോട്‌ലാൻഡിലെ ഗ്ലാസ്ഗോ, സ്പെയിനിലെ സെവിയ്യ സ്റ്റേഡിയങ്ങളും തയ്യാറാണ്. ഗ്രൂപ്പ് സ്റ്റേജും ക്വാർട്ടർ ഫൈനലുകളും അസർബൈജാനിലെ ബാകു, ജർമനിയിലെ മ്യൂണിച്ച്, ഇറ്റലിയിലെ റോം, റഷ്യയിലെ സെയിന്‍റ് പീറ്റേഴ്‌സ് ബർഗ് സ്റ്റേഡിയങ്ങളില്‍ നടക്കും.
ജൂൺ 11ന് റോമിലെ പ്രശസ്തമായ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ആതിഥേയരായ ഇറ്റലി തുർക്കിയെ നേരിടുന്നതോടെ ഔദ്യോഗികമായി യൂറോ കപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. ജൂൺ 23വരെയാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ. അതിനു ശേഷം നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും.
റെക്കോഡിലേക്ക് റോണോ
63 വർഷത്തെ യൂറോ കപ്പിന്‍റെ ചരിത്രത്തില്‍ ഫ്രാൻസിന്‍റെ ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനിയും പോർച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ടോപ്‌സ്കോറർമാർ. ഇരുവരും ഒൻപത് ഗോളുകൾ വീതം നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്‌ക്ക് പ്ലാറ്റിനിയെ മറികടക്കാനുള്ള സുവർണാവസരമാണ് ഇത്തവണത്തെ ടൂർണമെന്‍റ്.
ഇത്തവണ ടൂർണമെന്‍റിന് എത്തുന്നവരില്‍ അന്‍റോണിയോ ഗ്രീസ്‌മാൻ ആറ് ഗോളുകളുമായി ക്രിസ്റ്റ്യാനോയ്ക്ക് പിന്നിലുണ്ട്. ഫ്രാൻസിന്‍റെ ദിമിത്രി പയറ്റ്, ഒലിവർ ജിറൗഡ് എന്നിവർ മൂന്ന് ഗോളുകൾ വീതം അടിച്ചവരാണ്. യൂറോയുടെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം കളിച്ചതും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റോണോ 21മത്സരം കളിച്ചപ്പോൾ തൊട്ടുപിന്നില്‍ 18 മത്സരങ്ങൾ കളിച്ച ജർമൻ താരം ബാസ്റ്റിൻ ഷ്വയിൻസ്റ്റേഗറുണ്ട്.
ചരിത്രം ജർമനിക്കൊപ്പം
ലോക ഫുട്‌ബോളിന്‍റെ ചരിത്രം ജർമനിയുടെ കൂടി ചരിത്രമാണ്. ഇതുപോലെ തന്നെയാണ് യൂറോ കപ്പും. ഏറ്റവും കൂടുതല്‍ യൂറോ കപ്പ് നേടിയ നേട്ടം ജർമനി, മൂന്ന് കിരീടങ്ങൾ നേടിയ സ്പെയിനുമായി പങ്കിടുന്നു. ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ടൂർണമെന്‍റുകളില്‍ പങ്കെടുത്തതും ജർമനിയാണ്. 10 തവണ. തൊട്ടുപിന്നില്‍ ഒൻപത് തവണ യൂറോയിലെത്തിയ ഇംഗ്ലണ്ടുണ്ട്.
ജർമനി തന്നെയാണ് ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത്. ജർമനി 53 മത്സരങ്ങൾ യൂറോയില്‍ കളിച്ചപ്പോൾ 50 മത്സരങ്ങൾ കളിച്ച സ്‌പെയിൻ തൊട്ടുപിന്നിലുണ്ട്. 28 വിജയങ്ങളുമായി ജർമനി മുന്നില്‍ നില്‍ക്കുമ്പോൾ 24 വിജയങ്ങളുമായി തൊട്ടുപിന്നില്‍ ഫ്രാൻസും സ്പെയിനുമുണ്ട്.
ഇത്തവണ ഉറപ്പിച്ചാണ് ഫ്രാൻസ്
നിലവിലെ ലോകകപ്പ് ജേതാക്കളാണ് ഫ്രാൻസ്. ഇത്തവണ യൂറോ കപ്പ് സ്വന്തമാക്കാൻ കഴിയുന്ന ടീമുകളില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് ഫ്രാൻസിന്‍റെ സ്ഥാനം. ഏത് പൊസിഷനിലും കളിക്കാൻ ലോക നിലവാരത്തില്‍ ഒന്നിലധികം താരങ്ങളുണ്ട് എന്നതാണ് ഫ്രാൻസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ബയേൺ മ്യൂണിച്ച്, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ചെല്‍സി, യുവന്‍റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി, ടോട്ടനം, മിലാൻ, ലിയോൺ തുടങ്ങി ലോകത്തെ ഒന്നാം നമ്പർ ക്ലബുകൾക്ക് വേണ്ടി കളിക്കുന്ന താരങ്ങൾ ഓരോ പൊസിഷനിലും ഫ്രാൻസ് ടീമിലുണ്ട്.
ദിദിയർ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ടീമില്‍ നായകൻ ഹ്യൂഗോ ലോറിസ് തന്നെയാകും ഇത്തവണയും ഗോൾവല കാക്കുന്നത്. ബെഞ്ചമിൻ പവാർഡ്, റാഫേല്‍ വരാനെ, ലൂക്കാസ് ഹെർണാണ്ടസ്, കിംപെംബെ, ലാംങ്‌ലെറ്റ് കുർട്ട് സോമ, ഫെർലാൻഡ് മെൻഡി എന്നിവർ അടങ്ങിയ പ്രതിരോധ നിരയെ കീഴ്പ്പെടുത്തുക എന്നത് ദുഷ്‌കരമാണ്. മധ്യനിരയില്‍ കളിമെനയാൻ പോൾ പോഗ്‌ബ, ടോളിസോ, എൻഗോള കാന്‍റെ, ആഡ്രിയൻ റാബിയറ്റ്, മൗസ സിസോകോ എന്നിവർ.
പോഗ്‌ബയും കാന്‍റെയും ചേരുന്ന മധ്യനിര ലോകത്തെ ഏറ്റവും ഭാവന സമ്പന്നവും ഒരേസമയം ആക്രമണ പ്രതിരോധ ശേഷി നിറഞ്ഞതുമാണ്. മുന്നേറ്റത്തില്‍ ലോക നിലവാരത്തിനും അപ്പുറമാണ് ഫ്രഞ്ച് നിര. അന്‍റോണിയോ ഗ്രീസ്‌മാൻ, ഒലിവർ ജിറൗഡ്, കെലിയൻ എംബാപ്പെ, ഒസ്‌മാനെ ഡെബെലെ, കരിം ബെൻസമ, കിംഗ്‌ലി കോമാൻ, മാർകസ് തുറാം, ആന്‍റണി മാർഷ്യല്‍ എന്നിവരില്‍ ആരെയെല്ലാം കളിപ്പിക്കും എന്നതാകും പരിശീലകന്‍റെ ചിന്ത. ഇതിനു മുൻപ് രണ്ട് തവണ മാത്രമാണ് ഫ്രാൻസ് യൂറോപ്പിന്‍റെ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും അവസാനം 2000 ത്തിലാണ് യൂറോകപ്പ് നേടിയത്.
ജർമനിയല്ലാതെ മറ്റാര്
ലോക ഫുട്‌ബോളില്‍ ജർമനിയുടെ സ്ഥാനം എന്നും മുന്നില്‍ തന്നെയാണ്. നാല് ലോകകപ്പുകൾ, മൂന്ന് യൂറോ കപ്പ് കിരീടം, ലോക നിലവാരത്തിലുള്ള താരങ്ങളുടെ നീണ്ട നിര. യൂറോകപ്പില്‍ ഇത്തവണ മുത്തമിടാൻ ജർമനിയല്ലാതെ മറ്റൊരു ടീമില്ലെന്നാണ് ലോകമെങ്ങുമുള്ള ജർമൻ ആരാധകർ പറയുന്നത്. പരിശീലകനായി ജോക്വിംലോയുടെ അവസാന അവസരമാണിത്. കിരീടവുമായി മടങ്ങാനുള്ള തന്ത്രങ്ങളാകും ലോ ഇത്തവണ പുറത്തെടുക്കുക.
ജർമൻ ടീമിന്‍റെ ഏറ്റവും വലിയ പ്രത്യേകത ജർമൻ ലീഗില്‍ ബയേൺ മ്യൂണിച്ചിനും ബൊറൂസിയ ഡോർട്മുണ്ടിനും ലെയ്‌പ്‌സിഗിനും വേണ്ടി ഒന്നിച്ചു കളിക്കുന്ന ഒരുപിടി താരങ്ങൾ. അതിനൊപ്പം റയല്‍ മാഡ്രിഡ്, ചെല്‍സി, മാഞ്ചസ്റ്റർ സിറ്റി എന്നി ടീമുകളുടെ പ്രമുഖ താരങ്ങളും ചേരുമ്പോൾ ശരിക്കും എതിരാളികൾ ഞെട്ടും. ഗോൾവലയ്ക്ക് താഴെ മാനുവല്‍ ന്യൂയർ, ആർക്കും കീഴടക്കാനാകാതെ ന്യൂയർ നിറഞ്ഞു നില്‍ക്കുമ്പോൾ ഗോളടിക്കാൻ എതിരാളികൾ വിയർക്കും.
അന്‍റോണിയോ റൂഡിഗർ, മാറ്റ് ഹമ്മല്‍സ്, നിക്കോളാസ് സുലെ, മതിയാസ് ജിൻടെർ, ക്ലോസ്റ്റർമാൻ എന്നിവർ പ്രതിരോധത്തില്‍ ഒന്നിക്കുമ്പോൾ ശരിക്കും ജർമൻ മതില്‍ തന്നെയാണ് ജർമൻ ഫുട്‌ബോൾ ടീം. ഇത്രയും ഭാവനാ സമ്പന്നമായ മറ്റൊരു മധ്യനിരയുള്ള ലോക ഫുട്‌ബോൾ ടീം ഇന്ന് ലോകത്തുണ്ടാകില്ല. ജോഷ്വ കിമ്മിച്ച്, കാവി ഹാവെർട്സ്, ടോണി ക്രൂസ്, ലിയോൺ ഗോർട്‌സ്‌കെ, ലിറോസ് സാനെ, ഗുൺടോഗൻ, തോമസ് മുള്ളർ, എംറെ കാൻ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ജൂലിയൻ ബ്രാൻഡിറ്റ് എന്നിവരാണ് ജർമനിയുടെ മധ്യനിരയെ നിയന്ത്രിക്കുന്നത്. അതിനൊപ്പം തിമോ വെർണർ, സെർജെ ഗ്‌നാബ്രിയും കൂടി ചേരുമ്പോൾ മുന്നേറ്റവും ശക്തം.
കിരീടശാപം മാറ്റാൻ ഇംഗ്ലണ്ട്
ലോകത്തെ ഏറ്റവും വലിയ ക്ലബ് ഫുട്‌ബോൾ ലീഗിന് വേദിയാകുന്ന രാജ്യം. എന്നും സൂപ്പർ താരങ്ങളുടെ നീണ്ട നിരയുള്ള ടീം.. പക്ഷേ വലിയ ടൂർണമെന്‍റുകളില്‍ പടിക്കല്‍ കലമുടയ്ക്കും. അതാണ് ഇംഗ്ലണ്ടിന്‍റെ ശീലം. പക്ഷേ ഇത്തവണ അത് മാറ്റിയെഴുതുമെന്നാണ് പരിശീലകൻ സൗത്ത് ഗേറ്റ് ആവർത്തിച്ചു പറയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ചെല്‍സി, ആസ്റ്റൺ വില്ല, എവർട്ടൺ, ടോട്ടനം, ബൊറുസിയ ഡോർട്മുണ്ട് തുടങ്ങിയ ക്ലബുകളുടെ പ്രമുഖ താരങ്ങളാണ് ഇംഗ്ലണ്ട് ദേശീയ ടീമിലുള്ളത്. അതിലുപരി അവസാന ഇലവനിലെത്താൻ യുവതാരങ്ങളുടെ തള്ളിക്കയറ്റമാണ്. ഗോൾ വലകാക്കാൻ ജോർദാൻ പിക്‌ഫോഡും ഡീൻ ഹെൻഡേഴ്‌സണും ആരെ കളിപ്പിക്കണം എന്നത് മാത്രമാണ് സൗത്ത് ഗേറ്റ് ആലോചിക്കുന്നത്.
പ്രതിരോധത്തില്‍ കെയ്‌ല്‍ വാൾക്കർ, ലുക്ക് ഷാ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വയർ, ബെൻ ചില്‍വെല്‍, റീസി ജെയിംസ് എന്നിവർ. മധ്യ നിരയില്‍ ജോർദാൻ ഹെൻഡേഴ്‌സൺ, കാല്‍വിൻ ഫിലിപ്സ്, മാസൺ മൗണ്ട്, ജാഡൺ സാഞ്ചോ, ജാക്ക് ഗ്രെലിഷ് എന്നിവർ. മുന്നേറ്റത്തില്‍ ബുകായോ സാക, ഫില്‍ ഫോഡൻ, ഡൊമിനിക് കാല്‍വർട്ട് ലെവിൻ, മാർകസ് റാഷ്‌ഫോഡ്, റഹിം സ്റ്റെർലിങ്, ഹാരി കെയ്‌ൻ എന്നിവർ കൂടി ചേരുമ്പോൾ ആർക്കും തടുക്കാനാകാത്ത ടീമാകും ഇംഗ്ലണ്ട്.
അതുകൊണ്ടുതന്നെ ഇത്തവണ കിരീടം ഉറപ്പിച്ചാണ് ഇംഗ്ലണ്ട് യൂറോയില്‍ ഇറങ്ങുന്നത്. 1966ല്‍ നേടിയ ലോകകപ്പ് മാത്രമാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന കിരീടം. യുവതാരങ്ങളുടെ മിന്നും പ്രകടനത്തില്‍ ഇത്തവണ യൂറോ കപ്പ് ഇംഗ്ലണ്ടിലെത്തിക്കുമെന്നാണ് സൗത്ത് ഗേറ്റും പറയുന്നത്.
കറുത്ത കുതിരയില്‍ നിന്ന് കിരീടത്തിലേക്ക്
ലോകകപ്പും യൂറോപ്യൻ ചാമ്പ്യൻസ് ട്രോഫിയും നേടാതെ ഫിഫ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ടീമാണ് ബെല്‍ജിയം. എന്നും ഫുട്‌ബോൾ ലോകത്തെ കറുത്ത കുതിരകൾ. ആരെയും തോല്‍പ്പിക്കാൻ ശക്തിയുള്ള യൂറോപ്പിലെ വമ്പൻമാർ. ഇത്തവണ ബെല്‍ജിയം രണ്ടും കല്‍പ്പിച്ചാണ്. യൂറോ കപ്പ് ബ്രസല്‍സിലേക്ക് കൊണ്ടുപോകുമെന്നാണ് ഏദൻ ഹസാദും സംഘവും പറയുന്നത്.
റയല്‍ മാഡ്രിഡിന്‍റെ ഗോൾവല കാക്കുന്ന തിബോട്ട് കോർട്ടോയിസ് തന്നെയാണ് അവരുടെ പ്രധാന താരം. പ്രതിരോധത്തില്‍ ലീവ് വെർടോഗൻ, തോമസ് വെർമേലൻ, ടോബി ആൾഡെർവീല്‍ഡ്, തോമസ് മ്യൂയിനെർ എന്നിവർ കരുത്തരാണ്. മധ്യനിരയിലാണ് ബെല്‍ജിയത്തിന്‍റെ കളി. ആക്സല്‍ വിറ്റ്‌സെല്‍, കെവിൻ ഡിബ്ര്യുയൻ, യോരി ടെലിമാൻസ്, യാനിക് കാരാസ്കോ, തോർഗൻ ഹസാഡ് എന്നിവർ നയിക്കുന്ന മധ്യനിര യൂറോപ്പിലെ ഏറ്റവും മികച്ചതാണ്. മുന്നേറ്റത്തില്‍ റൊമേലു ലുക്കാക്കു, ഏദൻ ഹസാഡ്, ക്രിസ്ത്യൻ ബെൻടെകെ, മിച്ചി ബാറ്റ്‌സുയി, ലിയനാഡോ ത്രോസാഡ്, മെർടെൻസ്, ഒറിജി എന്നിവർ. പരിശീലകന്‍റെ റോളില്‍ റോബർട്ടോ മാർട്ടിനസ് കൂടി എത്തുമ്പോൾ ബെല്‍ജിയം അതി ശക്തരാണ്.
ഇത്തവണ റോണോ മാത്രമല്ല പോർച്ചുഗല്‍
ക്രിസ്റ്റ്ര്യാനോ റൊണാൾഡോ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഫുട്‌ബോൾ ലോകത്ത് കാര്യങ്ങൾ വ്യക്തമാണ്. പോർച്ചുഗലിനെ ഒറ്റയ്ക്ക് നയിക്കുന്ന റോണോയില്‍ നിന്ന് ലോക നിലവാരത്തിലുള്ള ഒരു പിടി താരങ്ങളുമായാണ് ഇത്തവണ പറങ്കികൾ യൂറോകപ്പിന് വരുന്നത്. 2016ല്‍ നേടിയ യൂറോ നിലനിർത്തുക എന്നത് മാത്രമല്ല, കരിയറിന്‍റെ അവസാനത്തിലേക്ക് നീങ്ങുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഒരു അന്താരാഷ്ട്ര കിരീടം കൂടി സമ്മാനിക്കുക എന്ന ലക്ഷ്യം കൂടി ഇത്തവണ പോർച്ചുഗീസ് പടയ്ക്കുണ്ട്.
ഫെർണാണ്ടോ സാന്‍റോസ് പരിശീലിപ്പിക്കുന്ന ടീമില്‍ റുയി പട്രീഷ്യോ തന്നെയാണ് ഗോൾ വലകാക്കുന്നത്. യൂറോപ്പിലെ വമ്പൻ ടീമുകളില്‍ കളിക്കുന്ന ഒരു പിടി യുവ സൂപ്പർ താരങ്ങളാണ് ഇത്തവണ പറങ്കിപ്പടയുടെ കരുത്ത്. പ്രതിരോധത്തില്‍ നെല്‍സൻ സെമെഡോസ, പ്രായം തളർത്താത്ത താരങ്ങളായ പെപെ, ജോസ് ഫോണ്ടെ, യുവരക്തങ്ങളായ റൂബൻ ഡയസ്, റാഫേല്‍ ഗ്വരേരോ, കാൻസലോ എന്നിവർ ഇറങ്ങുമ്പോൾ പറങ്കിപ്പോസ്റ്റില്‍ ഗോളടിക്കുക എന്നത് ദുഷ്‌കരമാകും.
മധ്യനിരയില്‍ ജോ മുട്ടിനോ, ബെർണാഡോ സില്‍വ, ബ്രൂണോ ഫെർണാണ്ടസ്, ഡാനിലോ പെരേരിയ, വില്യം കാർവാലോ, റാഫ സില്‍വ, റെനറ്റോ സാഞ്ചസ്, റാബൻ നെവസ് എന്നിവർ നിറഞ്ഞു നില്‍ക്കും. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം ജോ ഫെലിക്സ്, ഡിയാഗോ ജോട്ട, ആന്ദ്രെ സില്‍വ എന്നിവർ വരുന്നതോടെ ഇത്തവണ കിരീടം പോർച്ചുഗലിലേക്ക് തന്നെ കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് റോണോയും സംഘവും.
കപ്പ് മാത്രം സ്വപ്‌നം കണ്ട് സ്പെയിൻ
മുൻ ബാഴ്‌സലോണ പരിശീലകനായിരുന്ന ലൂയിസ് എൻറിക്കെ പരിശീലിപ്പിക്കുന്ന സ്പെയിൻ 2008ലും 2012ലും യൂറോ കപ്പ് നേടിയിരുന്നു. 2010ല്‍ ലോകകപ്പ് നേടിയ സ്‌പാനിഷ് ടീം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ ടീം എന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു. ഏറെ പ്രശസ്തമായ ടിക്കി ടാക്കയും ഭാവനാ സമ്പന്നമായ മധ്യനിരയും അതിനൊപ്പം ഉണരുന്ന മുന്നേറ്റവും സ്‌പെയിനിനെ ലോകത്തെ ഏറ്റവും ശക്തമായ ടീമാക്കിയിരുന്നു.
പത്ത് വർഷങ്ങൾക്കിപ്പുറം പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമമാണ് ഈ യൂറോകപ്പില്‍ സ്പെയിൻ നടത്തുന്നത്. ഡേവിഡ് ഗിയ തന്നെയാകും ഗോൾ വല കാക്കുന്നത്. സെസാർ അപ്പിക്കുയേറ്റ, എറിക് ഗാർഷ്യ, ജോർഡി ആല്‍ബ, ലാപോർട്ടെ എന്നിവർ അടങ്ങുന്ന പ്രതിരോധം ലോക നിലവാരത്തോട് കിടപിടിക്കും. ലോകം ആരാധനയോടെ കണ്ടിരുന്ന മധ്യനിരയായിരുന്നു എക്കാലവും സ്‌പെയിനിന് ഉണ്ടായിരുന്നത്.
സെർജിയോ ബുസ്‌കെറ്റ്സ്, മാർകോസ് ലോറന്‍റെ, കോക്കെ, തിയാഗോ, റോഡ്രി, ഫാബിയൻ, പെഡ്രി അടക്കമുള്ളവർ പഴയ പ്രതാപത്തിലേക്ക് സ്‌പെയിനിനെ കൊണ്ടുപോകുമെന്ന് പ്രത്യാശിക്കാം. മുന്നേറ്റത്തില്‍ അല്‍വരോ മൊറാട്ട, ഫെരാൻ ടോറസ്, പാബ്ലോ സറബിയ എന്നി യുവ താരങ്ങൾ എന്തിനും പോന്നവരാണ്. സ്പാനിഷ് ലീഗിലെ വിവിധ ക്ലബുകളില്‍ ഒന്നിച്ച് കളിക്കുന്നവരാണ് ദേശീയ ടീമിലെ ബഹുഭൂരിപക്ഷം താരങ്ങളും. ബാഴ്‌സയും റയലും വില്ലാറയലും സെവിയ്യയും വലൻസിസയും എല്ലാം ദേശീയ ടീമിന് നല്‍കുന്ന സംഭാവന ചെറുതല്ല. അവർ ദേശീയ ടീമിനായി ഒന്നിക്കുമ്പോൾ യൂറോ കിരീടം സ്‌പെയിനിലേക്ക് വീണ്ടും പോകുമെന്ന് പ്രതീക്ഷിക്കാം.
പിന്നില്‍ നിന്ന് വന്ന് കപ്പടിക്കുന്ന ഇറ്റലി
ലോക ഫുട്‌ബോളിന്‍റെ തലപ്പത്ത് അഞ്ചില്‍ ഒരാളായി എന്നും ഇറ്റലിയുണ്ടാകും. നാല് ലോകകപ്പുകൾ, ഒരു യൂറോ കപ്പ് അങ്ങനെ പ്രധാന ടൂർണമെന്‍റുകളിലെല്ലാം ഇറ്റലി മികച്ച സാന്നിധ്യമാണ്. പരമ്പരാഗത നീലക്കുപ്പായത്തില്‍ അസൂറിപ്പട കളത്തിലിറങ്ങുമ്പോൾ വിജയം മാത്രമാണ് എന്നും ലക്ഷ്യമിട്ടിട്ടുള്ളത്. ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ നിര അവകാശപ്പെടാനുള്ളത് എക്കാലവും ഇറ്റലിക്ക് തന്നെയാണ്.
അതിനൊപ്പം മധ്യനിരയും മുന്നേറ്റവും ഫോമിലെത്തുമ്പോഴെല്ലാം ഇറ്റലി കിരീട നേട്ടങ്ങൾ ആസ്വദിക്കും. പരിശീലകനായി റോബെർട്ടോ മാൻസിനിക്ക് കീഴില്‍ ഇത്തവണ മികച്ച ഫോമിലാണ് ഇറ്റലി. ജിയാൻലൂജി ബഫൺ എന്ന ഇതിഹാസ താരമില്ലാതെ ഇറ്റലി ഇറങ്ങുമ്പോൾ ഗോൾ വലയ്ക്ക് താഴെ ആരാകും എന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ ശക്തമായ പ്രതിരോധമൊരുക്കാൻ ജിയോർജിയോ ചെല്ലിനി, ലിയനാർഡോ ബൊനൂച്ചി, ജിയോവാനി ലോറെൻസോ, അലെസാൻഡ്രോ ഫ്ലോറെസി, എമേഴ്‌സൺ, അകെർബി എന്നിവർ അണിനിരക്കുമ്പോൾ ഇറ്റലിക്ക് പേടിക്കാനില്ല.
മധ്യനിരയില്‍ മാർകോ വെറാറ്റി, ജോർജിന്യോ, ലോറെൻസോ പെല്ലഗ്രിനി, ബ്രയാൻ ക്രിസ്റ്റ്യന്‍റെ എന്നിവർ കൂടി എത്തുമ്പോൾ പതിവ് ഇറ്റാലിയൻ മധ്യനിരയായി. ആൻഡ്രിയ ബലോട്ടെല്ലി, ലോറെൻസോ ഇൻഗ്‌നെ, സിറോ ഇമ്മൊബിലെ, ആൻഡ്രിയ ബെലോട്ടി, സ്റ്റീഫൻ എല്‍ഷാരെ എന്നിവർ മുന്നേറ്റത്തില്‍ ഒന്നിക്കുമ്പോൾ ഇറ്റലിക്ക് ഇത്തവണ യൂറോ കപ്പില്‍ മികച്ച പ്രതീക്ഷയുണ്ട്. നാപ്പോളി, യുവന്‍റസ്, റോമ, ലാസിയോ, അറ്റ്‌ലാന്‍റ, മിലാൻ ക്ലബുകൾ തുടങ്ങി ഇറ്റാലിയൻ ലീഗിലെ പ്രമുഖ ടീമുകളില്‍ ഒന്നിച്ച് കളിച്ചെത്തുന്ന താരങ്ങളാണ് എക്കാലവും ഇറ്റാലിയൻ ടീമിന്‍റെ ശക്തിയെന്നതും ശ്രദ്ധേയമാണ്.
ടോട്ടല്‍ ഫുട്‌ബോളുമായി ഹോളണ്ട്
ഇതിഹാസ താരം യൊഹാൻ ക്രൈഫിന്‍റെ ടോട്ടല്‍ ഫുട്‌ബോൾ, ഓറഞ്ച് പട ലോകത്തിന് സമ്മാനിച്ച ഫുട്‌ബോൾ തരംഗം. ഇതുവരെ ലോകകപ്പ് നേടാതെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഫുട്‌ബോൾ ടീം. എന്നും ആരാധകർക്ക് പ്രതീക്ഷ നല്‍കിയ ശേഷം കിരീടമില്ലാതെ മടങ്ങുന്ന ഓറഞ്ച് പട ഫുട്‌ബോൾ ലോകത്ത് വേദനയായിരുന്നു. ഇത്തവണ ഡച്ച് ടീമിന്‍റെ വലിയ പ്രതീക്ഷയായിരുന്ന പ്രതിരോധ താരവും നായകനുമായ വിർജില്‍ വാൻ ഡിജിക് പരിക്കിന്‍റെ പിടിയിലായത് ഹോളണ്ട് ടീമിനെ ചെറുതായിട്ടൊന്നുമല്ല വലയ്ക്കുന്നത്.
പരിശീലകൻ ഫ്രാങ്ക് ഡി ബോയറിന് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നതും ഡിജികിന്‍റെ പരിക്കാണ്. മാർടെൻ സ്റ്റെകെലെൻബർഗ്, ജാസ്‌പർ സില്ലെസ്സെൻ എന്നിവരില്‍ ഒരാൾ ഗോൾ വല കാക്കും. പ്രതിരോധത്തില്‍ നായകൻ ഡിജിക് കളിച്ചില്ലെങ്കില്‍ മത്തിയാസ് ഡി ലിറ്റ്, ഡാലി ബ്ലിൻഡ്, സ്റ്റെഫാൻ ഡി വ്രിജ്, നതാൻ അകെ, ജോയല്‍ വെല്‍ട്മാൻ എന്നിവർക്ക് ജോലി കൂടും. മധ്യനിരയില്‍ ഇത്തവണ മികച്ച താരങ്ങളുടെ സാന്നിധ്യം ഹോളണ്ടിന് ഗുണം ചെയ്യും.
ജോർജിന്യോ വിജിനാൾഡം, ഡോണി വാൻ ബീക്, ഫ്രാങ്കി ഡി ജോങ് എന്നിവർക്കൊപ്പം മാർട്ടെൻ ഡി റൂൺ, ഡാവി ക്ലാസെൻ എന്നിവർ കൂടി ചേരുമ്പോൾ ഹോളണ്ടിന് പേടിക്കാനില്ല. മുന്നേറ്റത്തില്‍ മെംഫിസ് ഡീപേ, ക്വുൻസി പ്രോമെസ്, ലുക്ക് ഡി ജോങ്, സ്റ്റീവൻ ബെർഗുയിസ് എന്നിവരില്‍ ആരെയെല്ലാം കളിപ്പിക്കണം എന്നതിലാകും പരിശീലകന്‍റെ ചിന്ത. എന്തായാലും യുവത്വവും പരിചയസമ്പന്നതയും നിറയുന്ന ഹോളണ്ട് ടീം ഇത്തവണ വലിയ പ്രതീക്ഷയിലാണ്. 1988ല്‍ ഒരിക്കല്‍ യൂറോ കപ്പ് നേടിയ ഹോളണ്ടിന് ഇത്തവണ വീണ്ടും കിരീടം ആംസ്റ്റെർഡാമിലെത്തിക്കണം.
ഇത്തവണത്തെ ഗ്രൂപ്പ് കളി
ഗ്രൂപ്പ് എ
ഇറ്റലി, സ്വിറ്റ്‌സർലണ്ട്, തുർക്കി, വെയ്‌ല്‍സ്
ഗ്രൂപ്പ് ബി
ബെല്‍ജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, റഷ്യ
ഗ്രൂപ്പ് സി
ഓസ്ട്രിയ, നെതർലാൻഡ്സ്, നോർത്ത് മാസിഡോണിയ, യുക്രൈൻ
ഗ്രൂപ്പ് ഡി
ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഇംഗ്ലണ്ട്, സ്കോട്‌ലാൻഡ്
ഗ്രൂപ്പ് ഇ
പോളണ്ട്, സ്ലൊവാക്യ, സ്പെയിൻ, സ്വീഡൻ
ഗ്രൂപ്പ് എഫ്
ഫ്രാൻസ്, ജർമനി, ഹംഗറി, പോർച്ചുഗല്‍
എന്തായാലും യൂറോപ്പില്‍ പന്തുരുളുമ്പോൾ ലോകം മുഴുവൻ ആ 11 പതിനൊന്ന് മൈതാനങ്ങളിലായിരിക്കും. കൊവിഡ് മഹാമാരിയായി മുന്നില്‍ നില്‍ക്കുമ്പോഴും ലോകം അതിജീവനത്തിന് വഴികൾ തേടുകയാണ്. സിരകളില്‍ ആവേശവും കാലുകളില്‍ അതിവേഗവും നിറച്ച് താരങ്ങൾ പന്തുതട്ടുമ്പോൾ മഹാമാരി നല്‍കിയ വേദനകൾ ലോകം മറക്കും. ലോകം ഒരു പന്തിന് പിന്നാലെ പായുകയും ചിന്തിക്കുകയും ചെയ്യുമെന്നുറപ്പാണ്...