പാരീസ്: ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്ക് തകര്‍പ്പന്‍ ജയം. ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രൂഗിനെയാണ് പിഎസ്‌ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ടത്. ഇരട്ട ഗോളുമായി കിലിയൻ എംബാപ്പെയും ലയണല്‍ മെസിയുമാണ് പിഎസ്‌ജിക്കായി മിന്നിയത്.
മാറ്റ്സ് റിറ്റ്സാണ് ബ്രൂഗിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ലക്ഷ്യം കണ്ട എംബാപ്പെയാണ് പിഎസ്‌ജിയുടെ ഗോളടി തുടങ്ങി വെച്ചത്. തുടര്‍ന്ന് 7ാം മിനിട്ടിലും താരം ലക്ഷ്യം കണ്ടു. നൂനോ മെൻഡസിനാണ് എംബാപ്പെയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം ഗോളിന് എയ്‌ഞ്ചല്‍ ഡി മരിയയും വഴി തുറന്നു. 38ാം മിനിട്ടിലാണ് മെസി ആദ്യ ഗോള്‍ നേടിയത്. എംബാപ്പെയുടെ പാസില്‍ നിന്നായിരുന്നു മെസി ലക്ഷ്യം കണ്ടത്. ഇടത് വിങ്ങിലൂടെ മുന്നേറിയ എംബാപ്പെ നല്‍കിയ പാസ് സ്വീകരിച്ച മെസി 20 വാരെ അകലെ നിന്നും ഇടം കാലുകൊണ്ട് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് വല തുളയ്‌ക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ 68ാം മിനിട്ടില്‍ ബ്രൂഗ് ഒരു ഗോള്‍ മടക്കിയെങ്കിലും 76ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസി പിഎസ്‌ജിയുടെ വിജയമുറപ്പിച്ചു.
ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ പിഎസ്‌ജി നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ മൂന്ന് വിജയമടക്കം 11 പോയിന്‍റാണ് സംഘത്തിനുള്ളത്. ഒന്നാമതുള്ള സിറ്റിക്ക് നാല് വിജയമടക്കം 12 പോയിന്‍റാണ്. എന്നാല്‍ ഒരു വിജയം മാത്രമുള്ള ബ്രൂഗ് അവസാനക്കാരായി ലീഗില്‍ നിന്നും പുറത്തായി.
ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ
മത്സരത്തിലെ ആദ്യ ഗോള്‍ നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം എംബാപ്പെ സ്വന്തമാക്കി. 22 വയസും 352 ദിവസവും പ്രായമുള്ളപ്പോഴാണ് എംബാപ്പെ 30 ഗോളുകള്‍ തികച്ചത്. നിലവില്‍ 31 ഗോളുകള്‍ താരത്തിന്‍റെ പേരിലുണ്ട്. 23 വയസും 131 ദിവസവും പ്രായമുള്ളപ്പോള്‍ 30 ഗോളുകള്‍ തികച്ച മെസിയുടെ റെക്കോഡാണ് താരം മറി കടന്നത്.