ഫുട്‌ബോള്‍ ഇതിഹാസം പെലെയ്‌ക്ക് ഇന്ന് 81ാം പിറന്നാള്‍. ഫിഫ ലോകകപ്പ് മൂന്നുവട്ടം നേടിയ ഏകതാരമായ പെലെ ആരോഗ്യ പ്രശ്നങ്ങൾക്ക് നടുവിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷിക്കുന്നത്. വൻകുടലില്‍ ബാധിച്ച ട്യൂമര്‍ നീക്കാന്‍ കഴിഞ്ഞ മാസം താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
1940 ഒക്ടോബര്‍ 23ന് ബ്രസീലിലെ മിനാസ് ജെറെയ്‌സില്‍ ജനിച്ച പെലെ 15ാം വയസില്‍ സാന്‍റോസിലൂടെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം നടത്തിയത്. 16ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമിലെത്തിയ താരം 1958, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ ലോകകപ്പില്‍ മുത്തംവച്ചു.
നൂറ്റാണ്ടിന്‍റെ അത്‌ലറ്റായി 1999-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പെലെയെ തെരഞ്ഞെടുത്തിരുന്നു. ആകെ കളിച്ച 1363 മത്സരങ്ങളിലായി 1281 തവണ പെലെ ലക്ഷ്യം കണ്ടിട്ടുണ്ട്. ബ്രസീലിനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇപ്പോഴും പെലെയുടെ പേരിലാണ്.
also read: കുട്ടിക്രിക്കറ്റില്‍ ഇനി ആവേശപ്പൂരം ; കൂറ്റന്‍ വെടിക്കെട്ടുകള്‍ക്ക് ഇന്ന് തുടക്കം
92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയാണ് ബ്രസീലിന്‍റെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ താരം മുന്നിലുള്ളത്. 70 ഗോളുകളുള്ള നെയ്‌മറാണ് പെലെയ്‌ക്ക് പിന്നിലുള്ളത്.