ലണ്ടന്‍: ശൂന്യമായ അന്തരീക്ഷത്തില്‍ കളിക്കുന്നത് പോലെയാണ് അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരമെന്ന് ഇപിഎല്ലിലെ അതികായന്‍മാരായ ലിവർപൂളിന്‍റെ നായകന്‍ ജോർദാൻ ഹെൻഡേഴ്‌ൺ. അതിനാല്‍ തന്നെ കളിക്കാർ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ഉയർന്ന തലത്തില്‍ പ്രകടനം കാഴ്‌ചവെക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആത്യന്തികമായി ഗ്രൗണ്ടില്‍ മത്സരം ജയിക്കാനാവും ടീം അംഗങ്ങൾ ലക്ഷ്യമിടുക. അതിനായി ആവുന്നതെല്ലാം ചെയ്യും. വീണ്ടും സ്റ്റേഡിയങ്ങളിലേക്ക് അനുയോജ്യമായ സമയത്ത് ആരാധകരെ തിരികെ എത്തിക്കാനാണ് നാം ആഗ്രഹിക്കുന്നത്. പക്ഷേ കൊവിഡ് 19 പശ്ചാത്തലത്തില്‍ അതിനായി സുരക്ഷ ഉറപ്പാക്കണം. അതുവരെ ഫുട്‌ബോൾ കളിക്കാനായി കഴിയുന്ന എല്ലാ മേഖലകളിലും ഞങ്ങൾ പൊരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനായി കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ഹെന്‍ഡേഴ്‌സണ്‍ ഒരു മത്സരം കളിച്ചിട്ടുണ്ട്. അന്ന് വേറിട്ട അനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂൾ കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ച സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കൊവിഡ് 19 കാരണം ഇപിഎല്‍ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ലീഗിലെ മത്സരം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ലീഗ് അധികൃതർ.