ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ ആരാണ് ഒന്നാം സ്ഥാനത്ത് എത്തുകയെന്നറിയാനുള്ള പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ നടക്കുന്ന പോരാട്ടത്തില്‍ ബാഴ്‌സലോണ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനെ നേരിടും. ബുധനാഴ്‌ച പുലര്‍ച്ചെ 1.30നാണ് പോരാട്ടം. പരിക്കാണ് ബാഴ്‌സയെ വലക്കുന്നത്. മുന്നേറ്റ താരം ഉസ്മാൻ ഡെംബെലിന് ശനിയാഴ്ച നടന്ന ലാലിഗ പോരാട്ടത്തില്‍ പരിക്കേറ്റത് ബാഴ്‌സക്ക് തിരിച്ചടിയാണ്. സ്‌പാനിഷ് താരം അൻസു ഫാതി. ജെറാർഡ് പികോ, സെർജി റോബർട്ടോ, സാമുവൽ ഉംറ്റിറ്റി എന്നിവരും പരിക്കിന്‍റെ പിടിയിലാണ്.
കഴിഞ്ഞ ഒക്‌ടോബര്‍ അവസാനത്തോടെ ടൂറിനിൽ ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്‍റസിനെ പരാജയപ്പെടുത്തിയിരുന്നു. ബുധനാഴ്‌ച നടക്കുന്ന മത്സരത്തില്‍ ബാഴ്സലോണയെ മൂന്നോ അതിൽ കൂടുതല്‍ ഗോളുകളുടെ വ്യത്യാസത്തിലോ പരാജയപ്പെടുത്തിയാലേ യുവന്‍റസിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കൂ. അതിനാല്‍ തന്നെ സമനിലയെങ്കിലും സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാനാകും റൊണാള്‍ഡ് കോമാന്‍റെ നേതൃത്വത്തിലുള്ള ബാഴ്‌സയുടെ നീക്കം.
സ്‌പാനിഷ് ലാലിഗയില്‍ 10 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി ബാഴ്‌സലോണ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. മറുഭാഗത്ത് യുവന്‍റസ് 10 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങളുമായി നാലാമതും.