തൃശൂർ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പണ്ട് ഫുട്ബോൾ മത്സരങ്ങൾക്കിടെ പത്ത് പൈസക്ക് സോഡ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. പില്കാലത്ത് ഇന്ത്യൻ ഫുട്ബോളിന്‍റെ കറുത്ത മുത്ത് എന്ന വിശേഷണം ആ പയ്യന് ലഭിച്ചു. കേരളം ജന്മം നല്‍കിയ ഫുട്ബോൾ താരങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹമാണ്. പേര് അയനിവളപ്പില്‍ മണി വിജയൻ. വ്യക്തമാക്കി പറഞ്ഞാല്‍ ഐ എം വിജയൻ.
1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കൻഡില്‍ ഗോൾ നേടിയപ്പോൾ ഏറ്റവും വേഗത്തില്‍ ഗോൾ നേടിയ താരം എന്ന അന്താരാഷ്ട്ര റെക്കോഡാണ് വിജയൻ കരസ്ഥമാക്കിയത്. ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആ കറുത്ത മുത്ത് ഇന്നും മിന്നിതിളങ്ങി നില്‍ക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.
1992ല്‍ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ 79രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 39 ഗോളുകൾ നേടി. ദേശീയ ടീമിലെത്തുന്നതിന് മുമ്പ് കേരള പോലീസ്, മോഹൻ ബഗാൻ, ജെ.സി.ടി മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ചർച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ പ്രശസ്തമായ ക്ലബുകളില്‍ വിജയൻ കളിച്ചിട്ടുണ്ട്. പതിനഞ്ച് വർഷത്തോളം ഇന്ത്യൻ ഫുട്ബോളില്‍ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.
മൂന്നു തവണ ഇന്ത്യൻ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കളിക്കാരനായ ഐ എം വിജയനെ തേടി 2003ല്‍ അർജുന അവാർഡ് എത്തി. ഇന്ത്യയില്‍ വളർന്ന് വരുന്ന ഫുട്ബാൾ പ്രതിഭകൾ മെസിയുടെയും റൊണാൾഡോയുടെയും കഥകൾക്കൊപ്പം കഷ്ടപാടുകളില്‍ നിന്ന് ഇന്ത്യൻ ഫുട്ബോളിനെ കീഴടക്കിയ ഈ കറുത്ത മുത്തിന്‍റെ കഥ കൂടി നെഞ്ചോട് ചേർക്കണം.