ന്യൂഡല്‍ഹി: സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ക്ലബായ എച്ച്‌എന്‍കെ സിബെനിക്കുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറാണ് ജിങ്കന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ ക്രൊയേഷ്യൻ മുൻനിര ലീഗായ പ്രവ എച്ച്എൻഎല്ലിൽ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ജിങ്കന്‍ സ്വന്തമാവും.
ക്ലബിനൊപ്പം ചേരുന്നതിന്‍റെ ഭാഗമായി നിലവില്‍ ക്രൊയേഷ്യയിലാണ് താരമുള്ളത്. ഈ ആഴ്‌ച തന്നെ ജിങ്കന്‍ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലബിനൊപ്പം ചേരുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്ന് ജിങ്കന്‍ പ്രതികരിച്ചു.
'കരിയറില്‍ എന്നെ തന്നെ പരീക്ഷിക്കുന്ന ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണ് ഞാനിപ്പോഴുള്ളത്. ഇതാണ് എനിക്ക് പറ്റിയ പ്ലാറ്റ്‌ഫോം എന്ന് ഞാൻ കരുതുന്നു. നേരത്തെ പറഞ്ഞതുപോലെ, യൂറോപ്പിൽ കളിക്കുക എന്നത് എന്‍റെ ആഗ്രഹമായിരുന്നു. ഈ വെല്ലുവിളി ഞാൻ ഏറ്റെടുത്തു.
also read:'റയലിലെ എന്‍റെ കഥ എഴുതി കഴിഞ്ഞത്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ
ഈ അവസരം നല്‍കിയതിന് പരിശീലകന്‍ മരിയോ റോസാസിനും ഉടമകൾക്കും മാനേജ്മെന്‍റിനും ഒരു വലിയ നന്ദി. ക്ലബിനൊപ്പം ചേരുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ല. ' ജിങ്കന്‍ പറഞ്ഞു.
അതേസമയം ജിങ്കന്‍റെ മുന്‍കാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ക്ലബിനായി താരത്തിന് ഏറെ ചെയ്യാനുണ്ടെന്ന് കരുതുന്നതായി എച്ച്എൻകെ സിബെനിക് സിഇഒ ഫ്രാന്‍സിസ്‌കോ കാര്‍ഡോന പ്രതികരിച്ചു. അഡാപ്റ്റേഷൻ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെങ്കിലും, ജിങ്കന്‍റെ കഴിവും നേതൃപാടവവും അദ്ദേഹത്തെ ടീമിലെ പ്രധാന താരങ്ങളിലൊരാളാക്കി മാറ്റുമെന്നും കാര്‍ഡോന കൂട്ടിച്ചേര്‍ത്തു.
1932ല്‍ രൂപീകരിച്ച എച്ച്‌എന്‍കെ സിബെനിക്ക് പ്രവ എച്ച്എൻഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നു. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫുട്ബോളര്‍ ഓഫ് ദ് ഇയറായി സന്ദേശ് ജിങ്കനെ തെരഞ്ഞെടുത്തിരുന്നു.