സഗ്രേബ്: ക്രൊയേഷ്യന്‍ ക്ലബായ എച്ച്‌എന്‍കെ സിബെനിക്കിൽ അരങ്ങേറാൻ ഇന്ത്യൻ സൂപ്പർ താരം സന്ദേശ് ജിങ്കന് ഇനിയും കാത്തിരിക്കേണ്ടിവരും. പരിശീലനത്തിനിടെ പരിക്ക് പറ്റിയ താരത്തിന് വരും മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഗുരുതരമല്ലാത്ത പരിക്കാണെങ്കിലും താരത്തിന് ഒരാഴ്‌ചയോളം പുറത്തിരിക്കേണ്ടി വന്നേക്കും.
മൂന്ന് ദിവസം മുൻപാണ് ജിങ്കൻ ക്രൊയേഷ്യന്‍ ക്ലബുമായി കരാറിലേർപ്പെട്ടത്. എന്നാൽ റിജേക്കാ എഫ്‌സിക്കെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ജിങ്കൻ പരിക്കിന്‍റെ പിടിയിലായെന്ന് എച്ച്എൻകെ ഷിബെനിക്ക് പരിശീലകൻ മരിയോ റോസാസ് അറിയിച്ചത്.
പോയ വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി ഇരുപത്തെട്ടുകാരനായ ജിങ്കനെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എടികെ മോഹൻ ബഗാനിൽ നിന്നാണ് താരം എച്ച്എൻകെ ഷിബെനിക്കിൽ ചേർന്നത്.
യൂറോപ്പിൽ കളിക്കുക എന്നത് തന്‍റെ ആഗ്രഹമായിരുന്നു എന്നും ഈ വെല്ലുവിളി താൻ ഏറ്റെടുത്തു എന്നും ജിങ്കൻ നേരത്തെ പറഞ്ഞിരുന്നു. ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫുട്ബോളര്‍ എന്ന നേട്ടമാണ് ജിങ്കനെ കാത്തിരിക്കുന്നത്.