ലണ്ടന്‍: ലിവർപൂളിന്‍റെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരമെന്ന സ്റ്റീവൻ ജെറാർഡിന്‍റെ റെക്കോഡിനൊപ്പമെത്തി ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ.
ചാമ്പ്യൻസ് ലീഗില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എസി മിലാനെതിരെ ഗോള്‍ നേടിയതോടെയാണ് സലാ ജെറാർഡിനൊപ്പമെത്തിയത്. 14 ഗോളുകളാണ് ആൻഫീൽഡിൽ ഇരുവരും നേടിയിട്ടുള്ളത്. 48ാം മിനുട്ടിലായിരുന്നു സലാ ലക്ഷ്യം കണ്ടത്.
മത്സരത്തില്‍ എസി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവർപൂൾ തോല്‍പ്പിക്കുകയും ചെയ്‌തു. സലായ്‌ക്കൊപ്പം ജോർഡൻ ഹെൻഡേഴ്‌സണും (69ാം മിനുട്ട്) ലക്ഷ്യം കണ്ടപ്പോള്‍ മിലാന്‍റെ ഫികായോ ടോമോറിയുടെ സെല്‍ഫ് ഗോളും ലിവര്‍ പൂളിന് തുണയായി.
അതേസമയം ഇംഗ്ലിഷ് പ്രിമിയർ ലീഗില്‍ 100 ഗോളുകള്‍ തികയ്‌ക്കാനും അടുത്തിടെ സലായ്‌ക്ക് കഴിഞ്ഞിരുന്നു. 162 മത്സരങ്ങളിൽ നിന്നുമാണ് സലാ 100 ഗോളുകള്‍ തികച്ചത്. ഇതോടെ പ്രീമിയർ ലീഗില്‍ അതിവേഗം 100 ഗോളുകള്‍ തികച്ച താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും താരത്തിനായി.