റോം: മെസിയും റൊണാള്‍ഡോയും ഒരേ ജേഴ്‌സിയില്‍ അണിനിരക്കുക. ഫുട്‌ബോള്‍ ആരാധകരുടെ സ്വപ്‌ന മുന്നേറ്റ നിര യാഥാര്‍ത്ഥ്യമാകാനുള്ള അണിയറ നീക്കങ്ങല്‍ പുരോഗമിക്കുന്നതായാണ് സൂചന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബാഴ്‌സലോണക്ക് വില്‍ക്കാന്‍ യുവന്‍റസ് തയ്യാറാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സ്‌പാനിഷ് ഫുട്‌ബോള്‍ വിദഗ്‌ധന്‍ ഗില്വം ബലാഗുവിനെ ഉദ്ധരിച്ചാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുവന്‍റസിന്‍റെ വാഗ്‌ദാനം ബാഴ്‌സ സ്വീകരിച്ചാല്‍ ആ സങ്കല്‍പ്പ മുന്നേറ്റനിര യാഥാര്‍ത്ഥ്യമാകും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്‍റെ ഭാഗമായാണ് സൂപ്പര്‍ താരത്തെ വില്‍ക്കാന്‍ ഇറ്റാലിയന്‍ വമ്പന്‍മാര്‍ നീക്കം നടത്തുന്നത്. മെസിയും ആറ് തവണയും റൊണാള്‍ഡോ അഞ്ച് തവണയും ബാലന്‍ ദ്യോര്‍ സ്വന്തമാക്കിയപ്പോള്‍ ഇതിനകം കരിയറില്‍ 700 ഗോളെന്ന നാഴികക്കല്ല് ഇരുവരും മറികടന്നു കഴിഞ്ഞു. ലോക ഫുട്‌ബോളില്‍ ഇരുവരും മറികടക്കാത്ത വ്യക്തിഗത റെക്കോഡുകള്‍ ചുരുക്കമാണ്. ഇരുവരും ഒരുമിച്ച് ഒരു ടീമില്‍ അണിനിരക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
റയല്‍ മാഡ്രിഡില്‍ നിന്നും യുവന്‍റസിലെത്തിയ റൊണാള്‍ഡോക്ക് 28 മില്യണ്‍ പൗണ്ടാണ് വര്‍ഷം തോറും പ്രതിഫലമായി നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമിലായിരുന്ന റൊണാള്‍ഡോ എല്ലാ ടൂര്‍ണമെന്‍റുകളിലുമായി 35 ഗോളുകളാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ അലയന്‍സ് സ്റ്റേഡിയം വിട്ട് പുറത്ത് പോകുന്നതുമായി ബന്ധപ്പെട്ട് റൊണാള്‍ഡോയുടെ ഭാഗത്ത് നിന്നും ഇതേവരെ പ്രതികരണം ഉണ്ടായിട്ടില്ല. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിന് പിന്നാലെ പരിശീലകന്‍ മൗറിയോ സാറിയെ പുറത്താക്കി മുന്‍ താരം കൂടിയായ ആന്ദ്രെ പിര്‍ലെയെ യുവന്‍റസ് പരിശീലകനായി നിയമിച്ചിരുന്നു. ആരോണ്‍ റാംസി, പൗലോ ഡിബാല തുടങ്ങിയ താരങ്ങളെ നിലനിര്‍ത്തി ടീമിനെ പടുത്തുയര്‍ത്താനാണ് യുവന്‍റസിന്‍റെ നീക്കം. നിലവില്‍ രണ്ട് വര്‍ഷത്തേക്ക് കൂടി റൊണാള്‍ഡോക്ക് യുവന്‍റസുമായി കരാര്‍ ബാക്കിയുണ്ട്.
അടുത്ത സീസണിൽ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലേക്ക് റൊണാള്‍ഡോ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനായി അദ്ദേഹത്തിന്‍റെ ഏജന്‍റിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ ക്ലബ് കണ്ടെത്താന്‍ റൊണാള്‍ഡോ എജെന്‍റിനോട് നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ ചര്‍ച്ചകളെന്ന് ഫുട്‌ബോള്‍ വിദഗ്‌ധന്‍ ഗില്വം ബലാഗുവിനെ നല്‍കുന്ന സൂചന.