ദുബായ്: ഈ നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ദുബായ് ഗ്ലോബ് സോക്കറാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തെ പുരസ്‌കാരം നല്‍കി ആദരിച്ചത്. അഞ്ച് തവണ ബാലന്‍ ദ്യോര്‍ സ്വന്തമാക്കിയ റൊണാള്‍ഡോയെ 2001 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ മികച്ച താരമായാണ് തെരഞ്ഞെടുത്തത്. 35 വയസുള്ള റൊണാള്‍ഡോ ഈ വര്‍ഷം മാത്രം 44 ഗോളുകളാണ് അടിച്ച്കൂട്ടിയത്. കൂടെ മത്സരിച്ച മെസിയുടെ പേരില്‍ 26 ഗോളുകള്‍ മാത്രമാണുള്ളത്.
നൂറ്റാണ്ടിലെ പുരസ്‌കാരത്തിനായി റൊണാള്‍ഡോയെ മാത്രമല്ല തെരഞ്ഞെടുത്തത്. പെപ്പ് ഗാര്‍ഡിയോളയെ നൂറ്റാണ്ടിലെ മികച്ച പരിശീലകനായും മികച്ച കരിയറിനുള്ള പുരസ്‌കാരത്തിന് ബാഴ്‌സലോണയുടെ ജെറാര്‍ഡ് പിക്വെയെയും തെരഞ്ഞെടുത്തു.
ദുബായ് ഗ്ലോബല്‍ സോക്കറിന്‍റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ബയേണ്‍ മ്യൂണിക്ക് വാരിക്കൂട്ടി. മികച്ച താരം, ക്ലബ്, പരിശീലകന്‍ എന്നീ പുരസ്‌കാരങ്ങളാണ് ബേയണ്‍ സ്വന്തമാക്കിയത്. മികച്ച താരത്തിനുള്ള പുരസ്‌കാരം ബയേണിന്‍റെ പോളിഷ് മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിശീലകനായി ഹാന്‍സ് ഫ്ലിക്കിനെയും തെരഞ്ഞെടുത്തു.