ബ്രസല്‍സ്: ബെല്‍ജിയം ദേശീയ ഫുട്ബോൾ ടീമുമായുള്ള സ്പാനിഷ് പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കരാർ 2022 വരെ നീട്ടി. 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബെല്‍ജിയം മാര്‍ട്ടിനസിന്റെ കീഴില്‍ മാറ്റുരക്കും. ടീമിന്റ ടെക്നിക്കല്‍ ഡയറക്ടർ എന്ന അദ്ദേഹത്തിന്റെ സ്ഥാനവും 2022 വരെ നീട്ടി. നിലവില്‍ ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ബെല്‍ജിയം. കരാർ നീട്ടിയതായി റോയല്‍ ബെല്‍ജിയം ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ കരാർ നീട്ടുന്നത് സംബന്ധിച്ച് സൂചന ലഭിച്ചതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
മാര്‍ട്ടിനസിന്റെ കീഴില്‍ ഇതേവരെ 43 മത്സരങ്ങളാണ് ബെല്‍ജിയം കളിച്ചത്. ഇതില്‍ 34 എണ്ണം ജയിക്കുകയും ആറെണ്ണം സമനിലയില്‍ പിരിയുകയും ചെയ്തു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പരാജയം രുചിച്ചത്. 2007 ലാണ് മാർട്ടിനസ് ഫുട്ബോൾ പരിശീലകന്റെ വേഷമണിയുന്നത്. മാർട്ടിനസ് 2013-ലെ എഫ്എ കപ്പ് വിഗാന് നേടിക്കൊടുത്തു. അന്ന് മാഞ്ചസ്റ്റർ സിറ്റിയെയാണ് ഫൈനലില്‍ വിഗന്‍ പരാജയപ്പെടുത്തിയത്. ബെല്‍ജിയത്തില്‍ എത്തുന്നതിന് മുമ്പ് മാർട്ടിനസ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിന്റെ പരിശീലകനായിരുന്നു.
കരാർ നീട്ടിയതില്‍ സന്തോഷമുണ്ടെന്നും അഭിമാനിക്കുന്നതായും റോബര്‍ട്ടോ മാര്‍ട്ടിനസ് പ്രതികരിച്ചു. അടുത്ത രണ്ട് വർഷം ദേശീയ ടീമിന് കടുത്ത പരീക്ഷണങ്ങളാണ് നേരിടേണ്ടി വരിക. കൊവിഡ് 19 കാരണം 2020 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ദേശീയ ലീഗ്, 2020 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ഖത്തർ ലോകകപ്പ് ഇവയിലെല്ലാം മാറ്റുരക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടി ടീമിനെ ഒരുക്കാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നതായും റോബർട്ടോ മാർട്ടിനസ് പറഞ്ഞു.
നേരത്തെ കൊവിഡ് 19-നെ തുടർന്ന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ചതോടെ ചാമ്പ്യന്‍ഷിപ്പ് വരെ ബെല്‍ജിയത്തിന്റെ പരിശീലകനായി തുടരാന്‍ മാര്‍ട്ടിനസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ്, റഷ്യ എന്നിവർക്കൊപ്പമാണ് ബെല്‍ജിയം മാറ്റുരക്കുക. നേരത്തെ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള 10 യോഗ്യതാ മത്സരങ്ങളും ബെല്‍ജിയം വിജയിച്ചിരുന്നു. ഇതില്‍ 40 ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്തു. റോബർട്ടോ മാര്‍ട്ടിനസിന്റെ ശിക്ഷണത്തില്‍ ബെല്‍ജിയം കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.