ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂണില്‍ തന്നെ പുനരാരംഭിക്കുമെന്ന് സിഇഒ റിച്ചാർഡ് മാസ്റ്റേഴ്‌സ്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ പരിശീലനം ആരംഭിച്ചു. ഇത് ആരാധകർക്ക് സന്തോഷം പകരുന്നുണ്ട്. എന്നാല്‍ ലീഗ് ആരംഭിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടം നേരിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികൾ തയാറാക്കും. ലീഗിലെ മത്സരങ്ങൾ വെട്ടിച്ചുരുക്കുന്ന കാര്യം ഇപ്പോഴും പരിഗണനയിലുണ്ട്.
രണ്ടാം ഘട്ടമെന്ന നിലയില്‍ ടീം അംഗങ്ങൾ സംഘമായി പരിശീലനം നടത്തും. ഇതിനായി ബ്രിട്ടീഷ് സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. സുരക്ഷിതമായ അന്തരീക്ഷം ഒരുങ്ങുന്നത് വരെ ടീമായുള്ള പരിശീലനത്തിനെ കുറിച്ച് ആലോചിക്കില്ലെന്നും മാസ്റ്റേഴ്‌സ് പറഞ്ഞു. മത്സരങ്ങൾ പുനരാരംഭിച്ചാലും അടച്ചിട്ട സ്റ്റേഡിയത്തിലെ നടക്കൂവെന്ന സൂചനയും അദ്ദേഹം നല്‍കി. ഇപിഎല്ലില്‍ ഈ സീസണില്‍ ഇനി 92 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ജൂണ്‍ 12-നും 19-നും മധ്യേ മത്സരം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ലീഗ് അധികൃതർ.