ലണ്ടന്‍ : കൊവിഡ് വീണ്ടും വെല്ലുവിളിയാവുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലവിലെ ഷെഡ്യൂളുമായി മുന്നോട്ട് പോവുമെന്ന് സംഘാടകര്‍. ലീഗിലെ ക്ലബ്ബുകളുടെ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
'ബന്ധപ്പെട്ട എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും ഞങ്ങളുടെ മുൻഗണനയായി തുടരുന്നു, പൊതുജനാരോഗ്യ മാർഗ നിർദേശങ്ങൾ നിരീക്ഷിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് ലീഗ് തുടരും. എല്ലായ്‌പ്പോഴും ജാഗ്രതയോടെ മുന്നോട്ട് പോകും' പ്രീമിയര്‍ ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
ലീഗിലെ 92 ശതമാനം കളിക്കാരും ക്ലബ് സ്റ്റാഫും ഒന്നോ രണ്ടോ മൂന്നോ കൊവിഡ് വാക്സിനേഷൻ ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്. 84 ശതമാനം കളിക്കാരും വാക്സിനേഷൻ നടപടികള്‍ തുടരുന്നതായും ലീഗ് വ്യക്തമാക്കി.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ആഴ്ച നടക്കേണ്ട 10 മത്സരങ്ങളില്‍ ആറ് മത്സരങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ചുരുങ്ങിയത് 14 താരങ്ങള്‍ ലഭ്യമാണെങ്കില്‍ മത്സരം നടത്താനാണ് ക്ലബ്ബുകളുടെ സംയുക്ത തീരുമാനം.