ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗില്‍ ഒരാഴ്‌ച കാലയളവില്‍ ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ഒരാഴ്‌ച കാലയളവില്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ വിലയിരുത്തിയാണ് അധികൃതരുടെ പ്രതികരണം.
സീസണ്‍ ആരംഭിച്ച് ഇതിനകം പ്രീമിയര്‍ ലീഗില്‍ 171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആഴ്‌ചയില്‍ രണ്ട് തവണ കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ 10 ദിവസത്തെ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കും.
കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതും ബ്രിട്ടനിലാണ്. അതിനാല്‍ തന്നെ രോഗ വ്യാപനം ഏറെ ഗൗരവത്തോടെയാണ് ബ്രിട്ടന്‍ നിരീക്ഷിക്കുന്നത്. ഇതിനകം 20.7 ലക്ഷം കൊവിഡ് കേസുകള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ 75,000 പേര്‍ മരിച്ചു. വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്ത് തിങ്കളാഴ്‌ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി രൂപപ്പെട്ട അടിയന്തര സാഹചര്യത്തിലും പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തുടരാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്.