ഓൾഡ് ട്രഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. യുണൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ എകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം വിജയിച്ച് കയറിയത്.
മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ സിറ്റിക്കായി. എറിക് ബെയ്‌ലിയുടെ സെല്‍ഫ് ഗോളാണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. മത്സരത്തിന്‍റെ 26ാം മിനിട്ടില്‍ യുണൈറ്റഡിനെ ഒപ്പമെത്തിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന്‍റെ ഇടംകാലന്‍ വോളി സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ സമര്‍ത്ഥമായി തടയുകയായിരുന്നു.
തുടര്‍ന്ന് ആദ്യ പകുതിയുടെ 45ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ രണ്ടാം ഗോള്‍ നേടിയത്. കാന്‍സെലോ നല്‍കിയ ക്രോസ് മഗ്വയറും ലൂക് ഷോയും നോക്കിനിന്നപ്പോള്‍ ഫാര്‍ പോസ്റ്റില്‍ നിന്ന ബെര്‍ണാഡോ സില്‍വ വലയിലേക്ക് തട്ടിയിടുകയായിരുന്നു. യുണൈറ്റഡിന്‍റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയ്‌ക്ക് ഒഴിവാക്കാമായിരുന്ന ഗോള്‍ കൂടിയായിരുന്നു ഇത്.
മത്സരത്തിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ഡി ഗിയ തന്നെയാണ് യുണൈറ്റഡിനെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചത്. രണ്ടാം പകുതിയില്‍ യുണൈറ്റഡ് ജേഡന്‍ സാഞ്ചോയെയും റാഷ്ഫോര്‍ഡിനെയും കളിപ്പിച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. സിറ്റി പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞതോടെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും യുണൈറ്റഡ് രക്ഷപ്പെടുകയും ചെയ്‌തു.
മത്സരത്തിന്‍റെ 68 ശമതമാനവും പന്ത് കൈവശം വെയ്‌ക്കാന്‍ സിറ്റിക്കായി. ഓണ്‍ ടാര്‍ഗറ്റിലേക്ക് അഞ്ച് ഷോട്ടുകളാണ് സംഘം പായിച്ചത്. എന്നാല്‍ യുണൈറ്റഡിന് ഒരു ഷോട്ട് മാത്രമാണ് എടുക്കാനായത്. വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്തെത്തി. ഏഴ് മത്സരങ്ങളും രണ്ട് വീതം സമനിലയും തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. 11 മത്സരങ്ങളില്‍ നിന്നും 17 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.