ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ ലിവർപൂളിന് ജയം. ആൻഫീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവര്കീപൂള് കീഴടക്കി. സീസണിൽ കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ കളിയുടെ സമസ്ത മേഖലയിലും വരിഞ്ഞുകെട്ടിയാണ് ലിവർപൂൾ വിജയം നേടിയത്.
ആറാം മിനിറ്റിൽ ഫാബിന്യോയിലൂടെ ലിവർപൂൾ ഗോൾവേട്ട ആരംഭിച്ചു. പതിമൂന്നാം മിനിറ്റിൽ മുഹമ്മദ് സലയും അമ്പത്തിയൊന്നാം മിനിറ്റിൽ സാദിയോ മാനെയും വലകുലുക്കിയതോടെ ലിവർപൂളിന്റെ ലീഡ് മൂന്നായി ഉയർന്നു. എഴുപത്തിയെട്ടാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിലൂടെ സിറ്റി തിരിച്ചടിച്ചു. അവസാന മിനിറ്റുകളിൽ സിറ്റി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ലിവർപൂളിന്റെ പ്രതിരോധകോട്ട തകർക്കാൻ പെപ് ഗ്വാർഡിയോളയുടെ ടീമിനായില്ല.
പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്ത് തുടരുമ്പോള്‍ 26 പോയിന്റുമായി ലേസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. മൂന്നാം തോൽവി നേരിട്ട മാഞ്ചസ്റ്റർ സിറ്റി 25 പോയിന്റുമായി നാലാം സ്ഥാനത്താണ്.