ലണ്ടന്‍: ക്ലബ് വിടുമെന്ന ചർച്ചകൾ തള്ളിക്കളഞ്ഞ് മാഞ്ചസ്‌റ്റർ സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാർഡിയോള. ടീമിനൊപ്പം തുടരുന്നതിൽ സന്തോഷമില്ലെന്ന് ആളുകൾ കരുതാൻ കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയർ ലീഗില്‍ ചെല്‍സിക്ക് എതിരേ സിറ്റി മത്സരിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് ഗാർഡിയോള ഇക്കാര്യം പറഞ്ഞത്. ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം.
പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥനാത്തുള്ള ലിവർപൂളിനോട് നിലവിലെ ചാമ്പ്യന്‍മാരായ സിറ്റി ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപെട്ടിരുന്നു. ഇതേ തുടർന്ന് പരിശീലകന്‍ ടീമില്‍ തുടരുന്നതില്‍ സംതൃപ്തനല്ലെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗാർഡിയോളയുടെ വിശദീകരണം.
12 മത്സരങ്ങളില്‍ നിന്നും 25 പോയന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് സിറ്റി. 12 മത്സരങ്ങളില്‍ 34 പോയന്‍റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. ലെസ്‌റ്റർ സിറ്റി രണ്ടാം സ്ഥാനത്തും ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 26 പോയന്‍റ് വീതമാണ് ഉള്ളത്.