ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍-ഒഡീഷാ മത്സരം സമനിലയില്‍. ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.
ആദ്യപകുതി ഗോൾരഹിത സമനിലയില്‍ അവസാനിച്ചപ്പോൾ മത്സരത്തിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. നെരിജസ് വല്‍സ്‌കിസ് ചെന്നൈയിന് വേണ്ടി ഇരട്ട ഗോൾ നേടി. 51-ാം മിനുട്ടിലും 71-ാം മിനുട്ടിലും. ഒഡീഷക്കായി 54-ാം മിനുട്ടില്‍ സിസ്‌കോ ഹെർണാണ്ടസും 82-ാം മിനുട്ടില്‍ അരിഡൊ സാന്‍റാനയും ഗോൾ നേടി.
ഐഎസ്എല്ലിലെ ഒഡീഷയുടെ തുടർച്ചയായ മൂന്നാമത്തെ സമനിലയാണ് ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ പിറന്നത്. ലീഗില്‍ ഒരു സ്ഥാനം മെച്ചപെടുത്തി ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ് ഇപ്പോൾ. ആറ് കളികളില്‍ നിന്നും നാല് പോയിന്‍റാണ് ചെന്നൈയിന്. ആറ് കളികളില്‍ നിന്നും ആറ് പോയിന്‍റുമായി ഒഡീഷ ലീഗില്‍ ആറാം സ്ഥാനത്താണ്. ജംഷഡ്‌പൂരിനെതിരെ അടുത്ത മാസം ഒമ്പതിനാണ് ചെന്നൈയിന്‍റെ അടുത്ത മത്സരം. അടുത്ത വെള്ളിയാഴ്ച്ച നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരുവിനെ ഒഡീഷ എഫ്‌സി നേരിടും.
ലീഗില്‍ പോയിന്‍റ് പട്ടികയില്‍ എടികെ ഒന്നാം സ്ഥാനത്തും ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടാം സ്ഥാനത്തുമാണ്. അഞ്ച് കളികളില്‍ 10 പോയിന്‍റ് വീതമാണ് ഇരു ടീമുകൾക്കും ഉള്ളത്. അഞ്ച് കളികളില്‍ ഒമ്പത് പോയിന്‍റുമായി ബംഗളൂരു എഫ്‌സിയാണ് ലീഗില്‍ മൂന്നാം സ്ഥാനത്ത്.