മാഡ്രിഡ് : പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള പ്രകടനത്തില്‍ തൃപ്തനല്ലെന്ന് സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ആരാധകര്‍ക്ക് പുതുവത്സര ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പുതുവര്‍ഷം സീസണില്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും റൊണാള്‍ഡോ പറഞ്ഞു. 2021ല്‍ എല്ലാ മത്സരങ്ങളില്‍ നിന്നും 47 ഗോളുകള്‍ നേടാന്‍ എനിക്കായിട്ടുണ്ട്. യുവന്‍റസിനൊപ്പം ഇറ്റാലിയന്‍ കപ്പും, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും നേടിയതിനൊപ്പം സീരി എയില്‍ ടോപ് സ്‌കോററാവാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്.
പോര്‍ച്ചുഗലിനായി യൂറോ കപ്പിന്‍റെ ടോപ് സ്‌കോററാവാനും കഴിഞ്ഞു. ഓള്‍ട്രാഫോഡിലേക്കുള്ള മടക്കം കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണ്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഇതുവരെ നേടിയതില്‍ ഞാന്‍ സംതൃപ്തനല്ല.
ഞങ്ങളിലാരും തന്നെ തൃപ്തരല്ലെന്ന് എനിക്കുറപ്പാണ്. ടീമിനായി കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും നന്നായി കളിക്കണമെന്നും, കൂടുതൽ കാര്യങ്ങൾ നൽകണമെന്നും ഞങ്ങൾക്കറിയാം. ഈ പുതുവർഷം സീസണിന്‍റെ ഒരു വഴിത്തിരിവായി മാറ്റാം. ഈ ക്ലബ്ബിനെ ആകാശത്തോളമുയരത്തില്‍ എത്തിക്കണം.റൊണാള്‍ഡോ കുറിച്ചു.
also read: ബുംറയുടെ ഉപനായക സ്ഥാനം : പന്തിനും അയ്യര്‍ക്കുമുള്ള സന്ദേശം
സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ 36 കാരനായ താരം ഇതേവരെ 21 മത്സരങ്ങളില്‍ 14 തവണ ഗോള്‍ നേടിയിട്ടുണ്ട്. ഇതോടെ സീസണില്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാവാനും റൊണാൾഡോയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിനായിട്ടില്ല. നിലവില്‍ 18 മത്സരങ്ങളില്‍ 31 പോയിന്‍റോടെ ആറാം സ്ഥാനത്താണ് സംഘമുള്ളത്.