ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡീഷാ എഫ്സിയെ നേരിടും. നോർത്ത് ഈസ്‌റ്റിന്‍റെ തട്ടകമായ ഗുവാഹത്തിയില്‍ വൈകീട്ട് 7.30-നാണ് മത്സരം. ഇരു ടീമുകളും ലീഗില്‍ ഇതിനകം ഓരോ മത്സരങ്ങൾ വീതം പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്സിയെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത്. റോബർട്ട് ജാർണിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ആതിഥേയരെ ഭാഗ്യം കൂടി തുണച്ചാല്‍ മത്സരത്തില്‍ ജയം ഉറപ്പാണ്. അസമാവോ ഗ്യാനിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയും ശക്തമായ നിലയിലാണ്.
ലീഗിലെ ആദ്യമത്സരത്തില്‍ ജംഷഡ്‌പൂരിനോട് തോറ്റതിന്‍റെ ക്ഷീണം തീർക്കാനാകും ഒഡീഷ ഇറങ്ങുക. പരിശീലകന്‍ ജോസഫ് ഗാംബുവിന്‍റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഒഡീഷയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡീഷയുടെ മധ്യനിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുന്നേറ്റ നിരയില്‍ കഴിഞ്ഞ കളിയില്‍ ഗോളടിച്ച അറിഡെയ്ൻ സന്‍റാനയിലാണ് ഒഡിഷയുടെ പ്രതീക്ഷ.