പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ആരാധകന്‍റെ മുഖത്തടിച്ച സംഭവത്തില്‍ പി എസ് ജി താരം നെയ്മറിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് വിലക്കേർപ്പെടുത്തിയത്.
റെന്നെസിനെതിരായ ഫൈനലില്‍ പി എസ് ജി തോറ്റതിന് ശേഷം മെഡല്‍ വാങ്ങാനായി താരങ്ങൾ പോകുന്നതിനിടെ ആരാധകരില്‍ ഒരാൾ നെയ്മറിന്‍റെ ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോഴാണ് നെയ്മർ മുഖത്ത് അടിച്ചത്. സംഭവത്തില്‍ സ്വന്തം ടീമില്‍ നിന്നടക്കം നെയ്മർ വിമർശനം നേരിട്ടു. ഇതിന് പിന്നാലെയാണ് വിലക്കേർപ്പെടുത്തിയത്. എട്ട് മത്സരങ്ങൾ വരെ നെയ്മറിന് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും അധികൃതർ മൂന്നിലൊതുക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ റഫറിമാരെ അധിക്ഷേപിച്ചതിന് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്ക് നേരിട്ടതിന് പിന്നാലെയാണ് ഫ്രഞ്ച് ലീഗിലെ വിലക്ക്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലെ പകുതി ഗ്രൂപ്പ് മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും.