മ്യൂണിച്ച്: ജർമ്മനന്‍ ഫുട്ബോളിലെ ഇതിഹാസ താരം മിറോസ്ലാവ് ക്ലൊസെക്ക് ഇനി പുതിയ ചുമതല. തന്‍റെ മുന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിന്‍റെ സഹപരിശീലകന്‍റെ ചുമതലയാണ് ക്ലോസെ എറ്റെടുത്തിരിക്കുന്നത്. 2020 ജൂലൈ ഒന്ന് മുതല്‍ അദ്ദേഹം പരിശീലക സംഘത്തോടൊപ്പം ചേരും. 2021 ജൂണ്‍ 30 വരെയാണ് അദ്ദേഹത്തിന് ക്ലബുമായുള്ള കരാർ.
ജർമനിയുടെ എക്കാലത്തെയും മികച്ച മുന്നേറ്റ താരമെന്നാണ് അദ്ദേഹത്തെ ബയേണ്‍ മ്യൂണിച്ച് സിഇഒ കാൾ ഹെയിന്‍സ് റമ്മേനിഗ്ഗെ വിശേഷിപ്പിച്ചത്. അതേസമയം തന്‍റെ ചുമതല ഭംഗിയായി നിറവേറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ക്ലോസെ പ്രതികരിച്ചു. മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്കുമായി ദേശീയ ടീമില്‍ വെച്ച് അടുത്ത പരിചയമുണ്ട്. ഇത് തന്‍റെ കരിയറിന്‍റെ അടുത്ത ഘട്ടമാണ്. തന്‍റെ അനുഭവ സമ്പത്ത് ടീമിന് മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത് എന്നും മിറോസ്ലാവ് ക്ലൊസെ പറഞ്ഞു .
ബുണ്ടസ് ലീഗ് മെയ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് നേരത്തെ ജർമന്‍ ഫുട്‌ബോൾ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19-ന് ശേഷം നിശ്ചലമായ കായിക ലോകത്തെ പ്രതീക്ഷ ഉണർത്തുന്ന ആദ്യ ചുവടുവെപ്പാണ് ബുണ്ടസ് ലീഗയില്‍ സംഭവിച്ചിരിക്കുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. കർശന നിയന്ത്രണങ്ങളും കൊവിഡ് 19 ടെസ്റ്റുകളും മത്സരത്തിന്‍റെ ഭാഗമായി ഉണ്ടാകും.