ലണ്ടന്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ ലിവര്‍പൂളില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ യൂര്‍ഗന്‍ ക്ലോപ്പിനായെന്ന് ആഴ്സണല്‍ പരിശീലകന്‍ മൈക്കള്‍ അട്ടേര. ലിവര്‍ പൂളിനെതിരെ ഹോം ഗ്രൗണ്ടില്‍ ജൂലൈ 16ന് പുലര്‍ച്ചെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അട്ടേര. ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് ടീമിനെ വളര്‍ത്തിയെടുക്കാനും പുതിയ സംസ്കാരം ഉണ്ടാക്കിയെടുക്കാനും ക്ലോപ്പിന് സാധിച്ചെന്ന് അട്ടേര പറഞ്ഞു. വമ്പന്‍ താരങ്ങളെ ടീമിന്‍റെ ഭാഗമാക്കാന്‍ ക്ലോപ്പിന് സാധിച്ചു. ഓരോ പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരങ്ങളെ കണ്ടെത്തി ടീമിന്‍റെ ഭാഗമാക്കി. ഇതിലൂടെ 2015-ല്‍ 10ാം സ്ഥാനത്തായിരുന്ന ലിവര്‍പൂളിന് ഈ സീസണില്‍ കിരീടം നേടിക്കൊടുക്കാന്‍ ക്ലോപ്പിന് സാധിച്ചെന്നും അട്ടേര പറഞ്ഞു.
അതേസമയം ഭാവിയില്‍ ലിവര്‍പൂളിന് ശക്തരായ എതിരാളികളായി ഗണ്ണേഴ്സ് മാറുമെന്ന് യൂര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി. പുതു തലമുറയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന പരിശീലകനാണ് മൈക്കള്‍ അട്ടേര. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് ഒപ്പം പ്രവര്‍ത്തിച്ച് പരിചയമുണ്ട് മുന്‍ സ്പാനിഷ് താരം കൂടിയായ മൈക്കള്‍ അട്ടേരക്ക്.
ലീഗിലെ തൊട്ട് മുമ്പുള്ള മത്സരത്തില്‍ ടോട്ടനത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ശേഷമാണ് ആഴ്സണല്‍ ലിവര്‍പൂളിനെ നേരിടാന്‍ എത്തുന്നത്. അതേസമയം ലീഗിലെ തൊട്ടുമുമ്പുള്ള മത്സരത്തില്‍ ബേണ്‍ലിയോട് സമനില വഴങ്ങിയാണ് ആഴ്സണലിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ എതിരിടാന്‍ ലിവര്‍പൂള്‍ എത്തുന്നത്.